കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു വീട്ടിലേക്ക് വരുന്നതിനിടെ ആദിവാസി യുവതി കെഎസ്ആർടിസി ബസിൽ പ്രസവിച്ചു. അന്പലവയൽ നെല്ലാറച്ചാൽ മില്ലൂന്നി കാട്ടുനായ്ക്ക കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ്(19) ബസിൽ ആണ്കുഞ്ഞിനു ജന്മം നൽകിയത്. ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് അമ്മയെയും കുഞ്ഞിനെയും കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. മില്ലൂന്നി കോളനിയിലെ ബൊമ്മൻ-അമ്മിണി ദന്പതികളുടെ മകളാണ് കവിത. രണ്ടാഴ്ചയിലേറെയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കവിത.
ആശുപത്രിയിൽനിന്നു ഡിസ്ചാർജ് വാങ്ങാതെ ഭർത്താവും ബന്ധുക്കളും ഇന്നു രാവിലെ കവിതയെയും കൂട്ടീ കോളനിയിലേക്ക് പുറപ്പെടുകയായിരുന്നു.
ബത്തേരിക്കുള്ള ബസ് താമരശേരി ചുരം കയറുന്പോഴാണ് കവിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വൈത്തിരി കഴിഞ്ഞപ്പോഴേക്കും വേദന കലശലായി. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ ജീവനക്കാർ ബസ് ലിയോ ആശുപത്രിയിലേക്ക് വിട്ടു.
ബസ് ആശുപത്രി പരിസരത്ത് എത്തിയപ്പോഴായിരുന്നു കവിതയുടെ പ്രസവം. അമ്മയുടെയും കുഞ്ഞിന്റെയും സ്വകാര്യ ആശുപത്രി ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് സി.കെ. ശശീന്ദ്രൻ എംഎൽഎ അറിയിച്ചു.