പ്രത്യേക ലേഖകൻ
ന്യൂഡൽഹി: മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ ആദിവാസി യുവതിയെക്കൊണ്ടു ഭർത്താവിനെ ചുമലിലേറ്റിച്ച് ചെരുപ്പുമാലയിട്ട് ഗ്രാമത്തിലൂടെ നടത്തിച്ച സംഭവം വിവാദമായി.
കാമുകനൊപ്പം താമസിക്കുന്നതായി കണ്ടെത്തിയതിനുപിന്നാ ലെയാണ് ഭർത്താവിന്റെകൂടി പിന്തുണയോടെ നാട്ടുകാർ ക്രൂരമായ ശിക്ഷ നടപ്പാക്കിയത്.
ഗ്രാമത്തിലെ തെരുവിലൂടെ ഭർത്താവിനെ ചുമലിലേറ്റി യുവതിയെ നാട്ടുകാർ നടത്തിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇതേത്തുടർന്ന് ഭർത്താവ് ഉൾപ്പെടെ ഒന്പതുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ചുമത്തിയത്.
മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ബോർപദവ് ഗ്രാമത്തിൽ ഞായറാഴ്ചയാണു സംഭവം.ഭാര്യയെ കാണാതായതായി ഒരാഴ്ച മുന്പ് ഉദയ്നഗർ പോലീസ് സ്റ്റേഷനിൽ ഭർത്താവ് പരാതി നൽകിയിരുന്നു.
മറ്റൊരു പുരുഷനൊപ്പമാണു യുവതി താമസിക്കുന്നതെന്നു പിന്നീട് ഇയാൾ മനസിലാക്കി. തുടർന്ന് സുഹൃത്തുക്കളെകൂട്ടി കാമുകന്റെ വീട്ടിലെത്തി യുവതിയെ വലിച്ചിറക്കി മർദിച്ചതായി പോലീസ് പറഞ്ഞു.
തുടർന്നാണു നാട്ടുകാർ സംഘടിച്ച് യുവതിയെ ചെരുപ്പുമാലയിട്ട്, ഭർത്താവിനെയും ചുമലിലേറ്റി ഗ്രാമം മുഴുവൻ നടത്തിച്ചത്.
ഭർത്താവിനെ ഭാരംമൂലം ചുമക്കാനാകാതെ യുവതി കരഞ്ഞപേക്ഷിച്ചെങ്കിലും നാട്ടുകാർ ക്രൂരനടപടിയിൽനിന്നു പിൻവാങ്ങിയില്ല.
പതിനഞ്ചാം വയസിൽ വിവാഹിതയായ തന്നെ ഭർത്താവ് നിരന്തരം മർദിക്കുമായിരുന്നുവെന്നും പ്രാണരക്ഷാർഥമാണ് വീടുവിട്ടിറങ്ങിയതെന്നും പോലീസിനു നൽകിയ പരാതിയിൽ യുവതി ചൂണ്ടിക്കാട്ടി.
ഐപിസി 147, 354, 294, 323452, 509, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് ഭർത്താവ് ഉൾപ്പെടെയുള്ളവർക്കെതിരേ പോലീസ് കേസെടുത്തത്.
എഫ്ഐആറിൽ 11 പേരുണ്ട്. അത്യപൂർവ സംഭവത്തിൽ കണ്ടാലറിയാവുന്ന മറ്റു ചിലർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
മധ്യപ്രദേശിലെ ബിജെപി സർക്കാർ എന്തു തരം സ്ത്രീസുരക്ഷയാണ് ഉറപ്പാക്കുന്നതെന്നു വ്യക്തമായതായി സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയും മഹിളാ കോണ്ഗ്രസ് മുൻ ദേശീയ പ്രസിഡന്റുമായ ശോഭ ഓജ ട്വിറ്ററിൽ കുറ്റപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ കൂടി ടാഗ് ചെയ്താണ് ട്വീറ്റ്.