മംഗലംഡാം : തമ്മിലടിപ്പിച്ച് ഭൂസമരം പൊളിക്കാമെന്ന അധികാരികളുടെ തന്ത്രങ്ങൾ നടപ്പിലാകില്ലെന്ന മുന്നറിയിപ്പുകളുമായി കടപ്പാറ മൂർത്തിക്കുന്നിൽ ഭൂസമരം കടുപ്പിച്ച് ആദിവാസികൾ.വീടിനും കൃഷിഭൂമിക്കുമായി 2016 ജനുവരി 15 മുതലാണ് പട്ടികവർഗ മഹാസഭയുടെ നേതൃത്വത്തിൽ സമീപത്തെ വനഭൂമി കൈയേറി കുടിലുകളും സമരപന്തലും കെട്ടി ഭൂസമരം ആരംഭിച്ചത്.
പട്ടികവർഗ മഹാസഭയുടെ നേതൃത്വത്തിൽ 22 ആദിവാസി കുടുംബങ്ങളാണ് സമരത്തിലുണ്ടായിരുന്നത്.ഭൂസമരം ആറ് വർഷം പിന്നിടുന്പോൾ മൂർത്തിക്കുന്നിലെ സമരപന്തലും പുതിയ സമരമുറകൾക്ക് വേദിയാകുമെന്ന് പട്ടികവർഗ മഹാസഭയുടെ യൂണിറ്റ് പ്രസിഡന്റ് വാസു ഭാസ്ക്കരൻ, സെക്രട്ടറി യമുന സുരേഷ്, ട്രഷറർ വസന്ത ഉണ്ണിക്കുട്ടൻ എന്നിവർ പറഞ്ഞു.
15ന് നടക്കുന്ന വാർഷിക സമ്മേളനത്തിൽ അരിപ്പ, ചെങ്ങറ തുടങ്ങിയ സമരഭൂമികളിലെ നേതാക്കൾ പങ്കെടുക്കുമെന്ന് മഹാസഭ സംസ്ഥാന കമ്മിറ്റി അംഗം സജീവൻ കള്ളിച്ചിത്ര അറിയിച്ചു.
കൈയേറി കൈവശമാക്കിയ 14.67 ഏക്കർ വനഭൂമി ആദിവാസികൾക്ക് പതിച്ചു നല്കുമെന്നുള്ള 2017 ജൂലൈ 15ന് ജില്ലാ ഭരണകൂടം കളക്ടറുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം നടപ്പാക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാകും തുടർസമരങ്ങൾ ശക്തിപ്പെടുത്തുക.
ഇതിന്റെ ഭാഗമായി കൂടുതൽ വന ഭൂമി കൈയേറി കൃഷിയിറക്കുമെന്ന് മഹാസഭ യൂണിറ്റ് പ്രസിഡന്റ് വാസുഭാസ്കർ പറഞ്ഞു.2016ൽ കൈയേറിയ ഭൂമി അളന്ന് ഒരു കുടുംബത്തിന് 60 സെന്റ് വീതം 13.20 ഏക്കറും ബാക്കി വരുന്ന ഒരു ഏക്കറോളം സ്ഥലം കോളനിക്കാരുടെ പൊതു ആവശ്യം നിറവേറ്റുന്നതിനായി മാറ്റിവയ്ക്കാനും തീരുമാനിച്ചിരുന്നതാണ്.
ഇവിടെ ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഇരട്ടി ഭൂമി വനംവകുപ്പിന് കൈമാറണമെന്ന വന നിയമപ്രകാരം അട്ടപ്പാടി അഗളിയിലെ 29 ഏക്കർ മിച്ചഭൂമി വനംവകുപ്പിനു കൈമാറാനായിരുന്നു തീരുമാനം.എന്നാൽ തീരുമാനങ്ങൾ അപ്പാടെ മാറ്റുന്ന നിലപാടുകളാണ് അധികൃതർ പിന്നീട് സ്വീകരിച്ചതെന്ന് ആദിവാസിനേതാക്കൾ കുറ്റപ്പെടുത്തി.
ഇതിനിടെ വനപ്രദേശമല്ലാത്ത മേലാർക്കോട് ഭാഗത്ത് കടപ്പാറയിലെ ആദിവാസികൾക്കായി ഭൂമി കണ്ടെത്തുകയും അവിടേക്കുമാറാൻ താല്പര്യം പ്രകടിപ്പിച്ച ഏതാനും കുടുംബങ്ങൾക്ക് ഭൂമി നൽകി മോഹിപ്പിക്കുകയും ചെയ്തു.വലിയ വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഒന്നും നടന്നിട്ടില്ല.
കോളനിക്കാരെ മേലാർക്കോട്ടേക്ക് മാറ്റുന്നതിനെതിരെ കോളനിയിലെ തന്നെ ഒരു വിഭാഗം ശക്തമായി രംഗത്തു വരികയായിരുന്നു.തങ്ങളുടെ കൂട്ടായ്മ തകർത്ത് സമരം പൊളിക്കാനുള്ള ഗൂഢനീക്കമായിരുന്നു മേലാർക്കോട് സ്ഥലം കണ്ടെത്തിയതിനു പിന്നിലെ കളികളെന്നാണ് മൂർത്തിക്കുന്നിലെ കൈയേറ്റ ഭൂമിയിൽ കൃഷിയിറക്കി ഭൂസമരം തുടരുന്ന കുടുംബങ്ങൾ പറയുന്നത്.
വനവിഭവങ്ങളുള്ള കടപ്പാറ വിട്ട് മറ്റൊരിടത്തേക്കും തങ്ങളില്ലെന്ന കടുത്ത നിലപാടിൽ തന്നെയാണ് സമരത്തിലുള്ളവരും പട്ടികവർഗ മഹാസഭയും. പാരന്പര്യമായ വനസന്പത്ത് ശേഖരിക്കാൻ യാതൊരു സാധ്യതയുമില്ലാത്ത സ്ഥലത്തേക്കുമാറ്റി കുടുംബങ്ങളെ പട്ടിണിയിലേക്കു നയിക്കുന്ന നിലപാടുകളാണ് തങ്ങളുടെ രക്ഷകരാകേണ്ട പട്ടികവർഗ വകുപ്പുൾപ്പെടെയുള്ള അധികാരികൾ ചെയുന്നത്.
ഇതിനെതിരെയുള്ള ചെറുത്തു നില്പുമായി മുന്നോട്ടുപോകും. കുടിയേറ്റ കർഷകർക്കൊപ്പം കർഷകദ്രോഹ നടപടികൾക്കെതിരെ രംഗത്തുവരുമെന്നും മഹാസഭ നേതാക്കൾ പറഞ്ഞു.