കൽപ്പറ്റ: ജില്ലയിൽ സാക്ഷരതാ മിഷൻ 300 കോളനികളിൽ ആരംഭിച്ച ആദിവാസി സാക്ഷരതാ ക്ലാസുകളിൽ എത്തുന്നതിൽ 46 പേർ എഴുപത് വയസിനുമുകളിൽ പ്രായമുള്ളവർ. അറിവും അക്ഷരവും ആർജ്ജിക്കാൻ വയസ് ഒരു തടസമല്ലാ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇവർ. അന്പലവയൽ പഞ്ചായത്തിലെ പെരുന്പാടിക്കുന്ന് കോളനിയിൽ പഠിപ്പിക്കുന്ന ആദിവാസി ഇൻസ്ട്രക്ടർ നിരക്ഷരരായ വല്യച്ഛനെയും വല്യമ്മയെയും അച്ഛനെയും അമ്മയെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നു.
വേങ്ങപ്പള്ളി പഞ്ചായത്തിലെ 92 കാരിയായ കറുത്തമ്മയും നൂൽപ്പുഴ പഞ്ചായത്തിലെ തൊണ്ണൂറുകാരിയായ ചവിലിയും കണിയാന്പറ്റയിലെ 88 കാരിയായ മൊരത്തിയും 80 കാരിയായ വെള്ളച്ചിയും തരിയോട് പഞ്ചായത്തിലെ 82 കാരനായ വേലനും കിട്ടയ്യനും 80 കാരിയായ കെന്പയമ്മയും നൂൽപ്പുഴയിലെ എന്പതുകാരിയായ ചുണ്ടയും ജില്ലയിലെ മുതിർന്ന പഠിതാക്കളിൽ ചിലർ മാത്രം.
എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതൽ ഏഴുവരെയാണ് ക്ലാസുകൾ. പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാരാണ് ക്ലാസെടുക്കുന്നത്. 600 ഇൻസ്ട്രക്ടർമാരിൽ 300 ഇൻസ്ട്രക്ടർമാർ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. നോട്ട്ബുക്ക്, സ്ലേറ്റ്, പെൻസിൽ, പേന, ബോർഡുകൾ, ചാർട്ടുകൾ എന്നിവ വ്യക്തികളും സംഘടകളും സ്ഥാപനങ്ങളും സ്പോണ്സർ ചെയ്യുന്നു.
മിക്ക പഠിതാക്കളും അക്ഷരങ്ങൾ എഴുതാൻ പഠിച്ചു. മിക്ക ക്ലാസുകൾക്കും പഠിതാക്കൾക്ക് ചായയും ബിസ്ക്കറ്റും പൊതുപ്രവർത്തകർ നൽകുന്നുണ്ട്. പ്രാർഥനയോടെ തുടങ്ങി ദേശീയ ഗാനത്തോടെ ക്ലാസുകൾ അവസാനിക്കും.
ഈ കൂട്ടായ്മയിലൂടെ ഗാന്ധിജയന്തി വാരാഘോഷവും കോളനി ശുചീകരണ പ്രവർത്തനങ്ങളും നടത്തി. സി.കെ. ശശീന്ദ്രൻ എംഎൽഎ തരിയോട് പഞ്ചായത്തിലെ പഠനകേന്ദ്രം സന്ദർശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ സംഘാടക സമിതി ജില്ലാ തലത്തിലും പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ സംഘാടക സമിതി പഞ്ചായത്ത് തലത്തിലും നഗരസഭാ ചെയർമാൻ ചെയർമാനായ സംഘാടക സമിതി നഗരസഭാ തലത്തിലും പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നു. ജില്ലാ സാക്ഷരതാ മിഷൻ കോ-ഓഡിനേറ്റർ സി.കെ. പ്രദീപ് കുമാർ, ആദിവാസി സാക്ഷരതാ പ്രത്യേക കോ ഓർഡിനേറ്റർ പി.എൻ. ബാബു, കോ ഓർഡിനേറ്റർ സ്വയാ നാസർ എന്നിവരാണ് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.