അഗളി: കനത്ത മഴയിൽ ഒറ്റപ്പെട്ട ആനവായ് ഉൗരിൽ നിന്നും ആദിവാസി മൂപ്പനെ ആശുപത്രിയിലെത്തിച്ചത് കന്പിളിപ്പുതപ്പിലും മുളവടിയിലും ഒരുക്കിയ മഞ്ചലിൽ. മുദ്ദമൂപ്പന്റെ മകനും പാരന്പര്യവൈദ്യനുമായ ചിണ്ടമൂപ്പൻ (65) നെയാണ് ഉൗരുനിവാസികൾ കന്പിളിപ്പുതപ്പിൽ കന്പുവച്ചുകെട്ടി മണിക്കൂറുകളോളം ചുമന്ന് ആരോഗ്യകേന്ദ്രത്തിലെത്തിച്ചത്. തുടുക്കി ഒന്നാംവാർഡ് മെംബർ ആശയുടെ ഭർതൃപിതാവ് കൂടിയാണ് ചിണ്ടൻ.
ശ്വാസതടസത്തെ തുടർന്നാണ് ചിണ്ടൻ അവശനിലയിലായത്. കോരിച്ചൊരിയുന്ന മഴയത്തും നനഞ്ഞു കുതിർന്ന റോഡിലേക്കു വീണുകിടന്ന മുളങ്കൂട്ടങ്ങൾ വെട്ടിനീക്കിയായിരുന്നു യാത്ര. തുടർന്ന് ചിണ്ടനെ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴ്ച്ചകൾ നീണ്ടുനിന്ന മഴയിൽ അട്ടപ്പാടിയിലെ ഗലസി, തുടുക്കി, ആനവായ്, കടുകമണ്ണ, കിണറ്റുകര, മുരുഗള, ഇടവാണി, താഴെ ഭൂതയാർ ഉൗരുകൾ ഒറ്റപ്പെട്ടു.
മുക്കാലി മുതൽ ആനവായ് വരെ സഞ്ചാരയോഗ്യമായ റോഡുണ്ടെങ്കിലും മുളങ്കൂട്ടങ്ങൾ മറിഞ്ഞുവീണ് തടസപ്പെട്ടിരിക്കുകയാണ്. ആനവായ് ഉൗരിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ഗലസി, തുടുക്കി തുടങ്ങിയ ഉൗരുവാസികളുടെ സ്ഥിതി അതിദയനീയമാണ്. റേഷനരി വാങ്ങുന്നതിന് ഇരുപതു കിലോമീറ്റർ താണ്ടണം.
മലമടക്കുകളിലെ കൈവഴികൾ നിറഞ്ഞൊഴുകുന്നതിനാൽ ആർക്കും ഉൗരുകളിൽ നിന്നും പുറത്തുകടക്കാനാകുന്നില്ല.
അടിയന്തര സന്ദർഭങ്ങളിൽ തമിഴ്നാട്ടിലെ അപ്പർ ഭവാനിയിലേക്കു ചെന്നെത്താൻ എളുപ്പമാർഗമുണ്ടെങ്കിലും മാവോയിസ്റ്റ് സാന്നിധ്യം ആരോപിച്ച് വനപാലകർ ഇവിടെ തടഞ്ഞിരിക്കുകയാണെന്നു ആദിവാസികൾ പറയുന്നു.