സ്വന്തം ലേഖകന്‍
മുക്കം: കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ ആദിവാസി മുതുവാന്‍ വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിനു പിന്നില്‍ വന്‍ ക്വാറി മാഫിയയുടെ പ്രവര്ത്തനമെന്നാരോപണം. തങ്ങളുടെ ക്വാറികള്‍ വികസിപ്പിക്കുന്നതിനും ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും മുതുവാന്‍ വിഭാഗക്കാരുടെ സാന്നിധ്യം തടസ്സമാണന്ന തിരിച്ചറിവാണ് ഉന്നത കേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്തി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്.
ജില്ലയില്‍ താമരശേരി താലൂക്കിലും മലപ്പുറം ജില്ലയിലെ നിലമ്പൂരിലും മുതുവാന്‍ വിഭാഗത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും കോഴിക്കോട് താലൂക്കില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതും സംശയത്തിന് ബലം നല്കുന്നു. കാരശ്ശേരി, കൊടിയത്തൂര്‍ , കൂടരഞ്ഞി, തിരുവമ്പാടി,കോടഞ്ചേരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയയുടെ ഉന്നത തലത്തിലുള്ള ഇടപെടലാണ് ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആദിവാസി മുതുവാന്‍ ജാതിക്കാര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇവരുടെ ഭൂമി ക്രയവിക്രയം നടത്തുന്നതിന് ജില്ലാ കളക്ടറുടെ അനുമതി വേണം. ഭൂമി വില്‍ക്കേണ്ട ആവശ്യം കാണിച്ച് ക്രയവിക്രയത്തിനുള്ള അനുമതിയ്ക്കായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. തുടര്‍ന്ന് കളക്ടറോ, അദ്ദേഹത്തി ന്റെ നിര്‍ദേശപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സ്ഥലം സന്ദര്‍ശിച്ച് കാരണം ബോധ്യപ്പെട്ട ശേഷം മാത്രമേ ക്രയവിക്രയത്തിനുള്ള അനുമതി നല്‍കൂ. ഭൂമി വില്‍ക്കേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അനുമതി ലഭിക്കൂവെന്ന് മാത്രമല്ല കുറച്ച് ഭൂമിയുള്ളവര്‍ക്ക് ക്രയവിക്രയത്തിനുള്ള അനുമതി നല്കുകയുമില്ല.
കളക്ടറുടെ അനുമതിയില്ലാതെ നടത്തുന്ന ഭൂമിയുടെ ക്രയവിക്രയങ്ങള്‍ അസാധുവായിരിക്കും. ഇത്തരത്തിലുള്ള ക്രയവിക്രയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വില്‍പ്പന നടത്തിയ ഭൂമി തിരിച്ച് പിടിക്കാന്‍ വരെ നിയമമുണ്ട്. ഈ നിയമ നടപടി ക്രമങ്ങളാണ് ക്വാറി – ക്രഷര്‍ ഉടമകളെ വെട്ടിലാക്കുന്നത്.കാരശേരി പഞ്ചായത്തിലെ മൈസൂര്‍മല, തേക്കുംകുറ്റി, സണ്ണിപ്പടി, തോട്ടക്കാട്, മരഞ്ചാട്ടി, ചുണ്ടത്തും പൊയില്‍ പ്രദേശങ്ങളില്‍ 193 കുടുംബങ്ങളിലായി 628 പേര് താമസിക്കുന്നുണ്ട്. കാരശ്ശേരി പഞ്ചായത്തില്‍ മാത്രം ആറ് ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്.
ക്രഷര്‍ – എം സാന്‍ഡ് യൂണിറ്റുകള്‍ വേറെയും. ഇതില്‍ ചില ക്വാറി – ക്രഷറുകള്‍ക്ക് സമീപത്തായാണ് മുതുവാന്‍ വിഭാഗക്കാര്‍ താമസിക്കുന്നത്. ഇവിടെ നിന്നും ഇവരെ ഒഴിവാക്കിയാല്‍ മാത്രമേ ക്വാറിയുടെ പ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ട് പോകൂ. മുതുവാന്‍ വിഭാഗക്കാരുടെ ഭൂമിയായതിനാല്‍ ക്വാറി മാഫിയയ്ക്ക് ഈ സ്ഥലം പണം കൊടുത്ത് വാങ്ങാന്‍ സാധിക്കില്ല. ക്വാറിയുടെ പ്രവര്‍ത്തനം മൂലം ഇവരുടെ വീടിനോ സ്ഥലത്തിനോ കേടുപാടു പറ്റിയാല്‍ ക്വാറി എന്നന്നേയ്ക്കുമായി അടച്ച് പൂട്ടേണ്ടിയും വരും.
പിന്നെ ഒരേയൊരു വഴി ഉന്നത തലത്തില്‍ സ്വാധീനം ചെലുത്തി ഇവര്‍ക്ക് മുതുവാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാതാക്കുകയാണ്. മുതുവാന്‍ വിഭാഗക്കാരല്ലെന്ന് സ്ഥാപിച്ചാല്‍ ഇവരുടെ ഭൂമി സാവധാനം സ്വന്തമാക്കാം.സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഇവര്‍ മുതുവാന്‍ വിഭാഗക്കാരാണ്. താമരശേരി ട്രൈബല്‍ ഓഫീസില്‍ നിന്ന് ഇവര്‍ മുതുവാന്‍ വിഭാഗത്തില്‍ പെടുന്നവരാണെന് സാക്ഷ്യപ്പെടുത്തി നല്‍കുന്നുമുണ്ട്. എന്നാല്‍ താലൂക്ക് ഓഫീസിലെത്തുമ്പോള്‍ ഇവരെ മടക്കി അയയ്ക്കും.
കുടുംബാംഗങ്ങളില്പ്പെട്ടവര് മുതുവാന്‍ ജാതിയില്‍ പെടുന്നതായി റവന്യൂ അധികൃതര്‍ 1998- നോ അതിന് മുന്‍പോ നല്കിയ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് മടക്കി അയയ്ക്കുന്നത്. 2000-ത്തിലും ഇതുപോലെ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാതിരുന്നിരുന്നു. കോഴിക്കോട് – മലപ്പുറം ജില്ലകളില്‍ മുതുവാന്‍ വിഭാഗക്കാരില്ലെന്ന കിര്‍ത്താഡ്സിന്റെ റിപ്പോര്‍ട്ടാണ് അന്നും ഇവര്‍ക്ക് അര്‍ഹതപ്പെട്ട സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. ഇതില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപണമുണ്ട്.