സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: കാടു കാത്തവർ ഇനി നാടും കാക്കും. ഇന്നുരാവിലെ രാമവർമപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഒൗട്ട് പരേഡ് ചരിത്രത്തിലേക്കാണ് ചുവടുവെച്ചത്. ഇതാദ്യായി സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖലകളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് പ്രത്യേക റിക്രൂട്ട്മെന്റ് മുഖാന്തിരം കേരള പോലീസിൽ നിയമനം നൽകിയവരുടെ പാസിംഗ് ഒൗട്ട് പരേഡാണ് ഇന്ന് നടന്നത്.
24 പെണ്കുട്ടികളടക്കം 74 പേരാണ് ഇന്ന് സേനയുടെ ഭാഗമായത്. അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയും ഇതിലുണ്ട്.മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖല പ്രദേശങ്ങളിൽ കൂടുതൽ കാര്യക്ഷമമായി പോലീസിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിജിപി ലോക്നാഥ് ബെഹ്റ പുതിയ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. രണ്ടു ബിരുദാനന്തര ബിരുദക്കാരും രണ്ട് പേർ ബിരുദവും ബിഎഡും ഉള്ളവരും ഏഴുപേർ ബിരുദധാരികളുമാണ്. ഒരാൾക്ക് ഡിപ്ലോമ യോഗ്യതയും ഒരാൾ ടിടിസി യോഗ്യതയും നേടിയിട്ടുണ്ട്. 30 പേർക്ക് പ്ലസ് ട യോഗ്യതയും 31 പേർ എസ്എസ്എൽസിക്കാരുമാണ്. മലപ്പുറം ജില്ലയിൽ നിന്ന് എട്ടുപേരും പാലക്കാട് നിന്ന് 15 ഉം വയനാട്ടിൽ നിന്ന് 51 പേരും സേനയിലുണ്ട്.
ദേശീയ കബഡി താരവും സംസ്ഥാന വനിത ഫുട്ബോൾ ടീമംഗവുമായ എം.അശ്വതി, ദേശീയ ജൂഡോ ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത സി.ഈശ്വരി എന്നിവരും സേനയിലുണ്ട്.അടിസ്ഥാന പരിശീലനത്തിന് പുറമെ തീവ്രവാദ പ്രവർത്തനങ്ങൾ തടയാനുള്ള പ്രത്യേക കമാൻഡോ പരിശീലനവും, ഹൈ ആൾട്ടിറ്റിയൂഡ് ട്രെയിനിംഗും അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചുളഅള രാത്രികാല ഫയറിംഗും, തീരദേശ പരിപാലനത്തിനുള്ള പ്രത്യേക പരിശീലനവും യോഗ, കന്പ്യൂട്ടർ, സ്വിമ്മിംഗ് എന്നിവയിലെ പരിശീലനവും ഇവർക്ക് നൽകി.
പോലീസ് അക്കാദമിയിൽ നിന്നും പരിശീലനം ലഭിച്ച് പുറത്തിറങ്ങിയവരിൽ ഏറ്റവും അച്ചടക്കമുള്ള ബാച്ചാണ് ഇതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ സേനാംഗങ്ങളുടെ സെല്യൂട്ട് സ്വീകരിച്ച് പറഞ്ഞു. ഈ അച്ചടക്കവും ആത്മാർത്ഥതയും ഇവർ സേവനരംഗത്തും കാഴ്ചവെക്കുമെന്നതിൽ സംശയമില്ലെന്ന് ഡിജിപി പ്രശംസിച്ചു.ജിഷ്ണുരാജായിരുന്നു പരേഡ് കമാൻഡർ.
ബെസ്റ്റ് കേഡറ്റിനുള്ള ട്രോഫി ഐ.വി.സൗമ്യയും ബെസ്റ്റ് ഒൗട്ട് ഡോറിനുള്ള ട്രോഫി എം.അശ്വതിയും ബെസ്റ്റ് ഇൻഡോറിനുള്ള ട്രോഫി പി.അജിലയും ബെസ്റ്റ് ഷൂട്ടർക്കുള്ള ട്രോഫി വി.ലിങ്കണും സ്വീകരിച്ചു.വനമേഖലകളിലെ പല ആദിവാസി ഉൗരുകളിൽ നിന്നുമുള്ളവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പാസിംഗ് ഒൗട്ട് പരേഡ് കാണാൻ രാമവർമപുരത്തെത്തിയിരുന്നു.