പഴയന്നൂർ: പ്രസവ വേദനയെതുടർന്ന് ആശുപത്രിയിലെത്തിയ ആദിവാസി യുവതി ചികിത്സ ലഭിക്കാതെ ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കുന്പളക്കോട് മാട്ടിൻമുകൾ മലയൻ കോളനിയിലെ രജീഷിന്റെ ഭാര്യ സുകന്യ(25) ആണ് ഓട്ടോറിക്ഷയിൽ പെണ്കുഞ്ഞിനു ജന്മം നല്കിയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോയിൽ പഴയന്നൂർ വടക്കേത്തറ ഗവ. ആശുപത്രിയിൽ എത്തിയതാണ്.
എന്നാൽ, ഡോക്ടർ ഇല്ലെന്നും മറ്റേതെങ്കിലും ആശുപത്രിയിൽ പോകാനും അധികൃതർ പറഞ്ഞു. ഓട്ടോറിക്ഷയിൽ പെട്രോളിന്റെ കുറവും, സാന്പത്തിക ബുദ്ധിമുട്ടും കാരണം തിരിച്ചു വീട്ടിലേക്ക് പോകാനാണ് സുകന്യ തീരുമാനിച്ചത്. രണ്ടു കിലോമീറ്ററോളം യാത്ര തുടർന്നപ്പോഴാണ് എളനാട് പൊട്ടൻതോട് ഭാഗത്തുവച്ച് ഓട്ടോറിക്ഷയിൽ പ്രസവം നടന്നത്.
എന്തു ചെയ്യണമെന്നറിയാതെ വാഹനത്തിലുണ്ടായിരുന്നവർ കുഞ്ഞിനെയും അമ്മയേയും താങ്ങി ഒരുവിധം വീട്ടിലെത്തിച്ചു. തുടർന്ന് പൊക്കിൾകൊടി മുറിച്ച് ഇരുവരെയും വേർപെടുത്താൻ 70ൽ കൂടുതൽ പ്രായം വരുന്ന ജാനകിയെ അന്വേഷിച്ച് മണിക്കൂറുകൾക്കുശേഷമാണ് അവർ എത്തി പൊക്കിൾകൊടി മുറിച്ചുമാറ്റിയത്. രക്ഷപ്പെട്ട അമ്മയും കുഞ്ഞും സുഖം പ്രാപിച്ചുവരുന്നു.
രോഗിയോടുള്ള ആശുപത്രി അധികൃതരുടെ ഇടപെടൽ പ്രതിഷധം ഉയർത്തി. രോഗവിവരം അന്വേഷിച്ച് പ്രഥമ ചികിത്സ നല്കാനോ ആംബുലൻസ് നല്കാനോ ആരും തയാറായില്ല. ഡോക്ടർ ഉണ്ടായിരുന്നിട്ടും ഇല്ലെന്നു പറഞ്ഞ് വാതിൽ കൊട്ടിയടയ്ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
പ്രഥമ ചികിത്സ നല്കിയാൽ പ്രസവം ആശുപത്രിയിൽ നടക്കുമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.ഇന്നലെ വിവരം അറിഞ്ഞ് എളനാട് പിഎച്ച്സി ഡോക്ടർ അടങ്ങുന്ന സംഘം സ്ഥലത്തെത്തി. പഞ്ചായത്ത് അധികൃതരും പോലീസും എത്തിയിരുന്നു. വിദഗ്ധ പരിശോധനയ്ക്കുശേഷം അമ്മയേയും കുഞ്ഞിനേയും മെഡിക്കൽ കോളജിലേക്ക് അയച്ചു.