എരുമേലി: വീടിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി ആദിവാസി യുവതി. യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച് ആരോഗ്യ വകുപ്പ്. എരുമേലി മണിപ്പുഴയിലാണ് സംഭവം.
ഇന്നലെ രാവിലെയാണ് എരുമേലി മണിപ്പുഴയിൽ താമസിക്കുന്ന യുവതി വീടിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സമയം യുവതിയുടെ ഭർത്താവിന്റെ പ്രായമായ മുത്തശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അയൽവാസികളാണ് യുവതി വീടിനുള്ളിൽ പ്രസവിച്ച വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചത്.
ഈ സമയം ഹോട്ടൽ പരിശോധനയിലായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ യുവതിയുടെ വീട്ടിലെത്തി ആംബുലൻസിൽ അമ്മയെയും കുഞ്ഞിനെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങളും ആരോഗ്യ വകുപ്പധികൃതരും അറിയിച്ചു.
യുവതി ഗർഭിണിയാണെന്ന് വീട്ടിലെത്തിയ ആശാ വർക്കർ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇവർ ഇത് അംഗീകരിച്ചിരുന്നില്ലെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.
യുവതിയുടെ രണ്ടാമത്തെ പ്രസവമാണിത്. പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ വിജിമോൾ, പബ്ലിക് ഹെൽത്ത് നഴ്സ് വനജ ശ്രീനിവാസൻ, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് റിനിമോൾ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് ശർമ, എസ്. സജിത്, കെ. ജിതിൻ എന്നിവരടങ്ങുന്ന സംഘമാണ് യുവതിക്കും കുഞ്ഞിനും തുണയായി മാറിയത്.