തൃശൂർ: കനകക്കുന്ന് കേരളീയം പരിപാടിയിൽ ഫോക്ലോർ അക്കാദമി ഒരുക്കിയ ആദിമം പ്രദർശനത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ.
ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസികളെന്നും മാപ്പ് പറയേണ്ടത് ഫോക്ലോർ അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു. സാംസ്കാരിക വകുപ്പിനെ തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കനകക്കുന്നിലെ ആദിവാസി പ്രദർശനം വലിയ രീതിയിൽ വിമർശനത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
പഴയകാലത്തെ തദ്ദേശവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രദർശനമാണെന്നാണ് താൻ മനസിലാക്കുന്നത്. ഫോക്ലോറുമായും സാംസ്കാരിക വകുപ്പുമായും താൻ ബന്ധപ്പെട്ടിരുന്നു. നിരുപദ്രവകരമായാണ് അവർ അത് ചെയ്തത്.
തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ആദിവാസികളെ ഷോകേസിൽ വയ്ക്കേണ്ടവരായി കാണാൻ പാടില്ല. അത് തെറ്റായ ഒരു സന്ദേശമാണ്.
ഇവിടെ സംഭവിച്ചതെന്താണെന്ന് കൃത്യമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ആദിവാസികളെയല്ല, കലാരൂപത്തെയാണ് പ്രദർശിപ്പിച്ചതെന്ന് ഫോക്ലോർ അക്കാദമി പ്രതികരിച്ചു.