പാലക്കാട്: ഗോവിന്ദാപുരം അബേദ്ക്കർ കോളനിയിലെ ആദിവാസി യുവാവ് ശിവരാജന്റെ മരണത്തെ സ്വാഭാവിക മരണമാക്കി തീർക്കാൻ പോലീസും പഞ്ചായത്തു പ്രസിഡന്റും നടത്തുന്ന പ്രചരണം പ്രതികളെ രക്ഷിക്കാനുള്ള തിരക്കഥയുടെ ഭാഗമാണെന്ന് സമരസമിതി രക്ഷാധികാരി വിളയോടി ശിവൻകുട്ടി.
ശിവരാജന്റ മരണത്തിനു പിന്നിൽ മീങ്കര ഡാമിലെ അംഗീകൃത മത്സ്യതൊഴിലാളികളാണെന്നും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ജൂലൈ 26 നാണ് ശിവരാജന്റ മൃതദേഹം മീങ്കര ഡാമിൽ കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ വിവരം പോലീസാണ് വീട്ടുകാരെ അറിയിച്ചത്.
25 ന് പോലീസും ഫയർഫോഴ്സും ഡാമിൽ തിരച്ചൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല. മൃതദേഹം കണ്ടെത്തുന്പോൾ ചെവിയുടെ ഭാഗത്തായി പങ്കായത്തിന്റെ അടിയേറ്റ പാടുണ്ടായിരുന്നു. എന്നാലിത് ആമ കടിച്ചതിന്റെ താണ് എന്നാണ് പോലീസ് പറഞ്ഞത്. മുങ്ങിമരണം എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രചരിപ്പിച്ചത്.
രണ്ട് ദിവസം മൃതദേഹം വെള്ളത്തിൽ കിടന്നു എന്ന് പറയുന്പൊഴും മൃതദേഹം ചീർക്കുകയൊ മീൻ കൊത്തിയ പാടുകളൊ ഉണ്ടായിരുന്നില്ല. ചിലമൃതദേഹങ്ങളിൽ മീൻ കൊത്തില്ല എന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോൾ കൊല്ലങ്കോട് സി ഐ പറഞ്ഞത്. എഫ്ഐആറിന്റ കോപ്പി തരാനും പോലീസ് തയാറാകുന്നില്ല.
പോസ്റ്റുമോർട്ടം റിപ്പോർട്ട് തിരുത്താനുള്ള നീക്കവും നടക്കുന്നുണ്ടെന്നും ആരോപിച്ചു. ശിവരാജന്റ ഭാര്യ വിനിത, സഹോദരൻ തങ്കരാജ്, സമരസമിതി ഭാരവാഹികളായ മാരിയപ്പൻ നീലിപ്പാറ, കെവാസുദേവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.