വരന്തരപ്പിള്ളി: കള്ളിച്ചിത്ര കോളനി ആദിവാസികൾ സമരത്തിനൊരുങ്ങുന്നു. ചിമ്മിനി ഡാം നിർമാണത്തിന് നടാന്പാടത്തേക്ക് മാറ്റി പാർപ്പിച്ച കള്ളിച്ചിത്ര കോളനിയിലെ ആദിവാസികളാണ് സർക്കാർ വാഗ്ദാനലംഘനത്തിനെതിരെ അനിശ്ചിതകാലം കുടിൽകെട്ടി സമരം ചെയ്യാനൊരുങ്ങുന്നത്. 1986 മുതലുള്ള സർക്കാരുകൾ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം. ആദിവാസികളുടെ പുനരധിവാസ പ്രശ്നം 2016 നവംബർ 16 നു മുന്പ് പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
സർക്കാർ ഉറപ്പുകൾ കൂടാതെ ആദിവാസികളുടെ കൈവശ ഭൂമിക്ക് പട്ടയം നൽകുക, പുലിക്കണ്ണി- കവരന്പിള്ളി – നടാന്പാടം റോഡ് സഞ്ചാരയോഗ്യമാക്കുക, പാലപ്പിള്ളി പട്ടികവർഗ്ഗ സഹകരണ സംഘം തുറന്നു പ്രവർത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച രാവിലെ പാലപ്പിള്ളി റേഞ്ച് ഓഫീസിനു മുന്നിൽ കുടിൽകെട്ടി സമരം ചെയ്യും.
1986 ലെ ഒന്നാം ഭൂസമരത്തെ തുടർന്ന് 1992 ആദിവാസികളുടെ ആവശ്യങ്ങൾ ഭാഗികമായി പരിഹരിക്കപ്പെട്ടു. അന്നത്തെ ധാരണ പ്രകാരം പതിനേഴ് ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി, ഒരു കുടുംബത്തിലെ ഒരാൾക്ക് വീതം സർക്കാർ ജോലി, ആരാധനാ സ്ഥലം, ശ്മശാനം, മൈതാനം എന്നിവയ്ക്ക് മൂന്നേക്കർ ഭൂമി പൊതുവായി നൽകും, അന്പലം പണിയുന്നതിന് തുക എന്നിവ നൽകാമെന്നായിരുന്നു ഉറപ്പ്.
എന്നാൽ ഓരോ കുടുംബത്തിനും 60 സെന്റ് സ്ഥലം മാത്രമാണ് ഇതുവരെ നൽകിയത്. ബാക്കിയുള്ള 11 ഏക്കർ സ്ഥലം ചാലക്കുടി, പീച്ചി ഡിവിഷനുകൾക്ക് കീഴിലില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ ഇവിടെ നൂറുകണക്കിന് ഏക്കർ വനഭൂമി വൻകിട കന്പനികൾ കൈയടക്കി വെച്ചിട്ടുണ്ടെന്നാണ് സമരസമിതി ആരോപിച്ചു.
ആദിവാസി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ടി.കെ.വാസു ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് ആനപ്പാന്തം ആദിവാസി ഉൗരിൽ നിന്നാരംഭിക്കുന്ന ജാഥ സമിതി കണ്വീനർ എം.എൻ.പുഷ്പൻ ഉദ്ഘാടനം ചെയ്യും.