മുളംകുന്നത്തുകാവ്: കോളജ് അധികൃതർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്നു തള്ളിയ അട്ടപ്പാടി സ്വദേശിനിയായ പാലക്കാട് വിക്ടോറിയ കോളജിലെ വിദ്യാർഥിനിക്ക് അരിവാൾ രോഗത്തിന്റെ ലക്ഷണങ്ങൾ. പെണ്‍കുട്ടിയുടെ ആരോഗ്യനില പൂർണമായും സുഖപ്പെട്ടിട്ടില്ല. പെണ്‍കുട്ടിക്ക് അരിവാൾ രോഗമാണെന്ന് സംശയലക്ഷണങ്ങളുള്ളതിനാൽ സാന്പിളുകൾ പരിശോധനക്കയച്ചിരിക്കുകയാണ്.
ഇതുസംബന്ധിച്ച ലാബ് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ രോഗം സ്ഥിരീകരിക്കുകയുള്ളു. പെണ്‍കുട്ടിയുടെ മൂക്കിൽ ട്യൂബിട്ടിരിക്കുകയാണ്. പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റൽ അധികൃതർ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് കടന്നുപോയ സംഭവം കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോർട്ടു ചെയ്തതിനെ തുടർന്ന് വൻ ചർച്ചയാവുകയും അധികൃതരുടെ അവഗണനക്കും അനാസ്ഥക്കുമെതിരെ വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം തന്നെ കോളജിൽ നിന്നും അധ്യാപകർ ആശുപത്രിയിലെത്തിയിരുന്നു.പകൽ രണ്ട് അധ്യാപകരും രാത്രി മൂന്ന് അധ്യാപകരും ഇപ്പോൾ പെണ്‍കുട്ടിക്ക് കൂട്ടിരിക്കുന്നുണ്ട്. ഒപ്പം സഹപാഠികളുമുണ്ട്.