ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി : പുറംലോകവുമായി ബന്ധമില്ലാതെ 60 സംവത്സരങ്ങൾ പിന്നിട്ട് പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ പാത്രകണ്ടം, കൈതക്കൽ ഉറവ ,ഒളകര തുടങ്ങിയ മലയോരത്തെ നൂറോളം കുടുംബങ്ങൾ.അത്യാവശ്യങ്ങൾക്ക് ഫോണ്‍ ചെയ്യാൻ പോലും കഴിയാത്ത പ്രദേശങ്ങളാണ് കാട്ടിലെ ഈ മൂന്ന് തുരുത്തുകളും.
കുട്ടികളുടെ പഠന സൗകര്യങ്ങൾക്കായി ഏതാനും മാസങ്ങൾക്കുമുന്‍പ് വൈഫൈ കണക്ഷൻ സംവിധാനം ഒരുക്കിയിരുന്നെങ്കിലും ഫോണ്‍ ബന്ധങ്ങൾ ആയിട്ടില്ല.കൈതക്കൽ ഉറവ ഭാഗത്ത് ഈ സൗകര്യവും എത്തിയിട്ടില്ല. ഏതാനും വർഷം മുന്‍പ് മാത്രമാണ് കറന്റ് കണക്ഷൻ ആയത്. മൊബൈൽ ഫോണുകൾക്കൊന്നും ഇവിടെ റേഞ്ച് ഇല്ല.
വൈകുന്നേരത്തോടെ എല്ലാവരും വീടുകളിൽ എത്തിയാൽ പിന്നെ പുറംലോകത്ത് നടക്കുന്നതെന്താണെന്ന് ഇവർ അറിയില്ല. ഇവർക്ക് എന്ത് സംഭവിച്ചു എന്നറിയാൻ പുറമെയുള്ളവർക്കും മറ്റു മാർഗങ്ങളില്ല.പ്രദേശത്ത് നേരിട്ട് എത്തുക തന്നെ വേണം. പാലക്കുഴി വഴിയിൽ നിന്നും കാട്ടിനുള്ളിലൂടെ മണ്‍റോഡ് ഉണ്ട്.
ഇതിലൂടെ കിലോമീറ്ററുകളോളം നടന്നു വേണം താമസസ്ഥലങ്ങളിലെത്താൻ.സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഏറെ കഷ്ടപ്പാടുകൾ. കാട്ടുവഴിയുടെ ഇരുവശത്തും സോളാർ ഫെൻസിംഗ് ഉണ്ടെങ്കിലും ബാറ്ററി ചാർജ് ഇല്ലാതേയും മറ്റും വൈദ്യുതി വേലി പ്രവർത്തിക്കാറില്ല.
വേലി തകർത്ത് ആനകൾ വഴിയിൽ ഇറങ്ങും. രക്ഷക്കായി ഫോണിൽ വിളിക്കാൻ പോലും കഴിയില്ല. നല്ല ഓട്ടക്കാരാണെങ്കിൽ രക്ഷപ്പെടാം. അതല്ലെങ്കിൽ ആനകൾ കരുണ കാട്ടണം.ഇതിനാൽ ഇവർ കൂട്ടമായെ യാത്ര ചെയ്യു. ആനക്കൂട്ടങ്ങൾ ഇറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നത് ഇവിടെ സ്ഥിരം സംഭവമാണ്.
വീടുകൾക്ക് നേരെയും ആക്രമണമുണ്ടാകും. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ രണ്ട് വീടുകൾ ആനകൾ തകർത്തു. ഭാഗ്യം കൊണ്ടും ദൈവ സംരക്ഷണയിലുമാണ് അന്ന് താമസക്കാർ രക്ഷപ്പെട്ടത്.തൃശ്ശൂർ ജില്ലയിൽപ്പെട്ടതാണ് ഈ പ്രദേശങ്ങളെല്ലാം.
എന്നാൽ അധികാരികൾക്ക് ജില്ലാ ആസ്ഥാനത്തു നിന്നും ഇവിടെ എത്തണമെങ്കിൽ കുതിരാൻ കയറിവന്നു പന്തലാംപാടം വഴിയുള്ള മലയോരപാത വഴിയോ അതല്ലെങ്കിൽ വടക്കഞ്ചേരിയിലെത്തി വാൽകുളന്പ് കാണിച്ചിപരുത വഴി കയറി പോകണം.
താമസക്കാർക്ക് പഞ്ചായത്ത് ഓഫീസിലോ വില്ലേജ് ഓഫീസിലോ പോകണമെങ്കിലും ഈ വഴികളൊക്കെ താണ്ടി 40 കിലോമീറ്റർ യാത്ര ചെയ്തു വേണം പട്ടിക്കാട് എത്താൻ. അവിടെയാണ് പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസുമൊക്കെ പ്രവർത്തിക്കുന്നത്. ജില്ലാ അതിർത്തിയായ വാണിയന്പാറയിലാണ് ഇവരുടെ റേഷൻ കട.
ഇവിടേക്കും 25 കിലോമീറ്റർ ദൂരമുണ്ട്. വനം വകുപ്പിന്റെ ക്രൂരതകളിൽ ആനുകൂല്യങ്ങളൊന്നും ഇവർക്കില്ല.കാർഷിക ലോണ്‍ പോലും ഇവർക്ക് കിട്ടാൻ വഴിയില്ല.എല്ലാതിനും തടസ്സവാദങ്ങളുമായി വനപാലകരെത്തും.അര നൂറ്റാണ്ടിലേറെയായുള്ള കൈവശഭൂമികളാണ് സ്വന്തമെന്നു പറയാനുള്ളത്.
അതിലും വനംവകുപ്പ് കണ്ണുവെച്ച് ഇടക്കിടെ ബുദ്ധിമുട്ടിക്കുന്നത് ഇവിടെ തുടരുകയാണ്.പ്രശ്നങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട് താൽക്കാലിക പരിഹാരം ഉണ്ടാക്കുന്നുണ്ടെങ്കിലും ശാശ്വത സമാധാനം ഈ കുടുംബങ്ങൾക്കെല്ലാം അന്യമാണ്.
കൈവശഭൂമിയിൽ അതിക്രമിച്ച് കയറി പിടിച്ചെടുക്കാൻ തക്കം പാർത്തിരിക്കുന്ന വനപാലകരെ ഭയന്ന് രാപകൽ സ്വന്തം സ്ഥലത്ത് കാവലിരിപ്പിലാണ് പ്രദേശവാസികൾ. ഇങ്ങനെ എത്രകാലം എന്നതിനു മാത്രം ഉത്തരങ്ങളില്ല.