കോതമംഗലം: മരങ്ങൾ മുറിക്കുന്നതിനുളള നടപടികൾ വനംവകുപ്പ് പൂർത്തീകരിക്കാത്തതിനാൽ കുട്ടന്പുഴ പന്തപ്രയിൽ മുപ്പതിലേറെ കുടുബങ്ങൾക്കുള്ള വീട് നിർമാണം അനിശ്ചിതത്വത്തിൽ. ഒരു വർഷത്തോളമായിട്ടും മുറിച്ച തേക്ക് മരങ്ങൾ നീക്കാനും കഴിഞ്ഞിട്ടില്ല.
പന്തപ്രയിലെ തേക്കു പ്ലാന്റേഷനിൽ 67 ആദിവാസി കുടുബങ്ങൾക്കാണ് വീട് നിർമിക്കേണ്ടത്. ഓരോ കുടുബത്തിനും പതിനഞ്ച് സെന്റ് സ്ഥലംവീതമാണ് സർക്കാർ വീടിനായി പതിച്ചുനൽകിയത്.
ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളുടെ സഹായത്തോടെ സർക്കാർ നിയോഗിച്ച ഏജൻസിയാണ് വീട് നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
കരിങ്കല്ല് ക്ഷാമവും ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണത്തെ ബാധിച്ചിട്ടുണ്ട്. വാനം താഴ്ത്തി ആഴ്ചകൾ കഴിഞ്ഞിട്ടും തറ നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
നിയമപ്രശ്നങ്ങൾ മൂലം കോതമംഗലം താലൂക്കിലൊരിടത്തും നിലവിൽ പാറമടകൾ പ്രവർത്തിക്കുന്നില്ല. ഇതൂമൂലമാണ് കരിങ്കല്ലിന് ക്ഷാമം ഉണ്ടായിരിക്കുന്നത്. വെളളത്തിന്റെ ലഭ്യതക്കുറവും വീട് നിർമാണത്തെ ബാധിച്ചു.