അടിമാലി: ശാന്തഗിരി മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആദിവായി യുവാവിനു മര്‍ദനമേറ്റ കേസില്‍ അടിമാലി പോലീസ് കേസെടുത്തു. പ്രതി ജസ്റ്റിൻ കുളങ്ങര അറസ്റ്റിൽ
യുവാവിനെ ക്രൂരമായി മര്‍ദിച്ചിട്ടും ദിവസങ്ങളായി കേസെടുക്കാതിരുന്ന പോലീസിന്റെ നടപടി വിവാദമായതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ആദിവാസി യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്.
ഉത്സവം അലങ്കോലപ്പെടുത്തിയെന്ന ക്ഷേത്രം ഭാരവാഹികളുടെ പരാതിയില്‍ അറസ്റ്റിലായ അടിമാലി സ്വദേശി കുളങ്ങര ജസ്റ്റിന് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
മുള്ളരിങ്ങാട് പുളിക്കത്തൊട്ടി സ്വദേശി വിനീത് (24) ആണ് മര്‍ദനത്തിനിരയായത്.കഴിഞ്ഞ 18നു രാത്രി ഒന്‍പതോടെ ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ നടക്കുമ്പോഴായിരുന്നു യുവാവിനു നേരെ ആക്രമണം ഉണ്ടായത്.
സ്റ്റേജിന്റെ മുന്നില്‍ നിന്ന യുവാവിനെ ജസ്റ്റിനും സുഹൃത്തുക്കളും ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ യുവാവ് രക്ഷപ്പെടാനായി ഓടി ക്ഷേത്രത്തില്‍ കയറി.
പിന്നാലെ എത്തിയ ജസ്റ്റിനും കൂട്ടരെയും തടയാന്‍ ശ്രമിച്ച ക്ഷേത്രം ഭാരവാഹികളെയും ഇവര്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.
ആദിവാസി യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. മര്‍ദനമേറ്റ യുവാവിനെയും ഒപ്പമുണ്ടായിരുന്ന മൂന്നു പേരെയും ക്ഷേത്രം ഭാരവാഹികള്‍ പോലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും മൊഴി പോലും രേഖപ്പെടുത്താതെ പോലീസ് ഇവരെ പറഞ്ഞയയ്ക്കുകയായിരുന്നു.
പ്രതികള്‍ക്കെതിരേ നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്ത അടിമാലി പോലീസിന്റെ നടപടിയില്‍ വ്യാപാക പ്രതിഷേധമുയര്‍ന്നു.
കൂടാതെ എസ്സി, എസ്ടി കമ്മീഷനും ജില്ലാ പോലീസ് മേധാവി, അടിമാലി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി.
തുടര്‍ന്നാണ് പോലീസ് യുവാവിനെ കണ്ടെത്തി മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജസ്റ്റിന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.