തിരുവനന്തപുരം: കാര്യവട്ടം കാമ്പസിൽ ആദിവാസി വിദ്യാർഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രവേശനം കിട്ടുകയും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്ത കാസർഗോഡ് പതിനെട്ടാം മൈൽ സ്വദേശി ബി. ബിനേഷിനാണ് എസ്എഫ്ഐ പ്രവർത്തകരുടെ മർദനമേറ്റത്.
കഴിഞ്ഞ ദിവസം രാത്രി കാര്യവട്ടത്തെ ഹോസ്റ്റൽ മുറിയിൽവച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ബിനീഷിനെയും സുഹൃത്തിനെയും ആക്രമിച്ചത്. സംഭവദിവസം രാത്രി കാമ്പസ് ലൈബ്രറിക്കു സമീപം എസ്എഫ്ഐ പ്രവർത്തകർ സംഘടിപ്പിച്ച ഗാനപരിപാടി ലൈബ്രറിയിൽ വായിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളെ അലോസരപ്പെടുത്തുന്നതായുള്ള ബിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് എസ്എഫ്ഐക്കാരെ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്.
കാമ്പസിൽ എംഎ ഇക്കണോമിക്സ് വിദ്യാർഥിയായ ബിനേഷ് സംഘടനയ്ക്കെതിരേ പ്രവർത്തിച്ചു എന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകരായ നജീബ്, വിഷ്ണു, ഷാനു, മനേഷ് എന്നിവർ ബിനേഷിനെയും സുഹൃത്തിനെയും മർദിച്ചത്. കെഎസ്യു, ഡിഎച്ച്ആർഎം തുടങ്ങിയ സംഘടനകൾ കാമ്പസിൽ പ്രവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും ചില വിദ്യാർഥികളും തമ്മിൽ ഇടയ്ക്കിടെ ഇത്തരത്തിലുള്ള സംഘർഷങ്ങൾ പതിവാണെന്നു പറയപ്പെടുന്നുണ്ട്.
ബിനേഷ് ഡിഎച്ച്ആർഎം, കെഎസ്യു പ്രവർത്തകരുമായി ചേർന്നു തങ്ങൾക്കെതിരേ പ്രവർത്തിക്കുന്നു എന്ന ആരോപണം എസ്എഫ്ഐ പലപ്പോഴായി ഉന്നയിക്കാറുണ്ടെന്നും വിദ്യാർഥികളിൽ ചിലർ പറയുന്നു.മർദനത്തിൽ പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനേഷ് ഇന്നലെ വൈകുന്നേരമാണ് ആശുപത്രി വിട്ടത്.
അതേസമയം, റിസർച്ച് ഹോസ്റ്റലിലെ മുറിയിൽ അനധികൃതമായി സംഘം ചേർന്നത് ചോദ്യം ചെയ്തതിന് ബിനേഷും മറ്റുള്ളവരും ചേർന്ന് തങ്ങളെ മർദിക്കുകയായിരുന്നെന്നാണ് എസ്എഫ്ഐ പ്രവർത്തകർ ആരോപിക്കുന്നത്. സംഘട്ടനത്തെ തുടർന്ന് രണ്ട് എസ്എഫ്ഐ പ്രവർത്തകരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മർദനമേറ്റെങ്കിലും ഉന്നതപഠനത്തിനായി വലിയൊരവസരം കിട്ടിയ സാഹചര്യത്തിൽ, സംഭവത്തിൽ കേസിനൊന്നും പോകേണ്ടെന്നും അങ്ങനെ പോയാൽ തന്റെ ഭാവി ഇരുളടയുമെന്നുമുള്ള ആശങ്കയിലുമാണ് ബിനേഷ്. വിദേശ സർവകലാശാലയിൽ പഠിക്കാനുള്ള അവസരം നേരത്തെ കിട്ടിയിട്ടും സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥർ വേണ്ട സഹായങ്ങൾ ചെയ്തു നൽകാതെ ഈ യുവാവിന്റെ പഠനം മുടക്കാൻ ശ്രമിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.തുടർന്ന് മന്ത്രി എ.കെ. ബാലന്റെ ഇടപെടലിനെ തുടർന്നാണ് തടസങ്ങൾ നീക്കി ബിനേഷിന്റെ പഠനത്തിനാവശ്യമായ സഹായധനം അനുവദിച്ചത്.
സെപ്റ്റംബറിലാണ് ലണ്ടൻ സ്കൂളിൽ പ്രവേശനം നേടേണ്ടത്. അതിനു മുൻപേ ഐഇഎൽടിഎസ് പാസാവുകയും വേണം. അതിനുള്ള തയാറെടുപ്പുകളിലായിരുന്ന ബിനേഷ് കാമ്പസ് ലൈബ്രറി ഉപയോഗപ്പെടുത്തി വായനയും പഠനവും തുടരുന്നതിനിടയിലാണ് എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്തു നിന്നും ഇത്തരത്തിൽ ആക്രമണമുണ്ടായ ത്.
ബിനേഷിന്റെ അച്ഛൻ ബാലനും അമ്മ ഗിരിജയും രോഗബാധിതരായതോടെ കൂലിപ്പണി ചെയ്താണ് ബിനേഷ് പഠനവുമായി മുന്നോട്ടു പോകുന്നത്.