ന്യൂഡൽഹി: രാജ്യം ഇപ്പോൾ കടന്നു പോകുന്നത് അടിയന്തരാവസ്ഥക്കാലത്തേക്കാൾ മോശമായ അവസ്ഥയിലാണെന്ന് കോൺഗ്രസ്. ബിജെപി ഇതിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല പറഞ്ഞു. 43 വർഷത്തിനു ശേഷം അടിയന്തരവസ്ഥയേക്കാൾ മോശമായ തരത്തിലേക്ക് ഇപ്പോൾ രാജ്യത്തെ ഭരണം കൂപ്പു കുത്തിയെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം അടിയന്തരാവസ്ഥ കോൺഗ്രസിന് നൽകിയ കനത്ത തിരിച്ചടി അമിത് ഷായും കൂട്ടരും ഓർക്കുന്നത് നല്ലതാണെന്നും പറഞ്ഞു.
അന്ന് കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ജനങ്ങൾ ആട്ടിയോടിച്ചതാണ്. സംഭവിച്ച പിഴവ് മനസിലാക്കിയ കോൺഗ്രസ് ആ ജനവിധിയെ മാനിച്ചു. അതിനു ശേഷം അധികാരത്തിലേറിയ ജനതാ സർക്കാരിന്‍റെ ഭരണം ജനത്തെ വീർപ്പുമുട്ടിച്ചപ്പോൾ അവർ വിധി തിരുത്തിയെഴുതിയത് കേന്ദ്രത്തിലിരിക്കുന്നവർ ഓർക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാനമായ വിധിയെഴുത്താവും നിലവിലെ ബിജെപി ഭരണത്തിനെതിരെയും ഉണ്ടാവുകയെന്നും സുർജെവാല വ്യക്തമാക്കി.
ഭരണകൂടങ്ങൾക്ക് തെറ്റുകൾ സംഭവിച്ചാൽ തിരിച്ചടി ഉറപ്പാണെന്നു പറഞ്ഞ കോൺഗ്രസ് വക്താവ് രാജ്യത്ത് നിലവിലെ സർക്കാരിന്‍റേതുപോലൊരു ദുർഭരണം ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു. കഴിക്കുന്ന ഭക്ഷണത്തിന്‍റെ പേരിലും ധരിക്കുന്ന വസ്ത്രത്തിന്‍റെ പേരിലും ആളുകൾ കൊല്ലപ്പെടുന്ന അവസ്ഥ മുമ്പൊരു ഭരണത്തിൻ കീഴിലും ഉണ്ടായിട്ടില്ലെന്നും സാധാരണ ജനങ്ങൾക്ക് കിട്ടേണ്ട പണം വൻകിടക്കാർക്ക് കൊള്ളയടിക്കാനുള്ള അവസരമാണ് മോദി സർക്കാർ ഒരുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദളിത്-ആദിവാസി സംരക്ഷണ നിയമങ്ങൾ ഒരു ഭരണത്തിൻ കീഴിലും ഇത്രമേൽ ചുട്ടെരിക്കപ്പെട്ടിട്ടില്ലെന്നും സുർജെവാല കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധിയെ ഹിറ്റ്ലറോട് ഉപമിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ഫേസ്ബുക്കിലൂടെ നടത്തിയ പരാമർശങ്ങളാണ് കോൺഗ്രസ് വക്താവിനെ ചൊടിപ്പിച്ചത്.