തലശേരി: അപൂർവ രോഗത്തിന് ചികിത്സയിലായ 12 കാരനെ ആശുപത്രിയില്‍ വെച്ച് അടിച്ചു വീഴ്ത്തി ബോധം കെടുത്തിയ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ അണിയറയില്‍ ഊര്‍ജിത നീക്കം. ഇതിനിടയില്‍ മര്‍ദ്ദനത്തിനിരയായ കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. കഴിഞ്ഞ 20 നാണ് ന്യൂ മാഹി അഴീക്കല്‍ ബീച്ചിലെ കോട്ടക്കുന്നുമ്മല്‍ ഫൗജറിന്റെ മകന് ഹസന് ഷാക്കിബിന് (12) സ്വകാര്യ ആശുപത്രിയില്‍ വെച്ച് മര്‍ദ്ദനമേറ്റത്.
തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഹസന് ഷാക്കിബിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരു നിംഹാന്‍സ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ബംഗളൂരുവരെ യാത്ര ചെയ്യാനുള്ള ആരോഗ്യ സ്ഥിതിയിലേക്ക് കുട്ടിയെ എത്തിച്ച ശേഷം ഐസിയു ആംബുലന്‍സില്‍ കുട്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടു പോകാനുള്ള നീക്കങ്ങള്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടുണ്ട്.
രോഗിയായ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പോലീസ് നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരേ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുപ്പിച്ചിട്ടുള്ളതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ന്യൂറോ സംബന്ധമായ അപൂര്‍വ രോഗത്തിന് ചികിത്സയിലാണ് ഹസൻ ഷാക്കിബും സഹോദരന് ഹുസന്‍ ഷാക്കിബും. ഇരുവരും ഇരട്ട സഹോദരങ്ങളുമാണ്.
നിര്‍ധന കുടുംബത്തിലെ അംഗങ്ങളായ ഇവരുടെ മാതാവും രോഗിയാണ്. നാട്ടുകാര്‍ രൂപീകരിച്ച ഹസൻ-ഹുസന്‍ ചികിത്സാസഹായ കമ്മറ്റിയാണ് ഇരട്ടകളായ ഈ കുട്ടികളുടെ ചികിത്സ നടത്തി വരുന്നത്. വെല്ലൂര്‍ മെഡിക്കല്‍ കോളജ് , ബംഗളൂരു നിംഹാന്‍സ് ആശുപത്രി എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള ആശുപത്രികിളിലാണ് ഇരുവരും ചികിത്സ തേടിക്കൊണ്ടിരുന്നത്.ഈ കാലയളവിനുള്ളില്‍ നിരവധി തവണ രണ്ട് കുട്ടികളും വിവിധ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുകയും ചെയ്തിട്ടുണ്ട്.
രോഗം കൂടുതലാകുന്ന അടിയന്തിര സാഹചര്യങ്ങളില്‍ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടാറുണ്ട്. ഹുസന്‍ ഷാക്കിബിന് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയലായിരുന്നു. സഹോദരനോടൊപ്പം ആശുപത്രിയിലുണ്ടായിരുന്ന ഹസന് ഷാക്കിബിനെയാണ് ലിഫ്റ്റിനടുത്ത് വെച്ച് രണ്ടംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചത്.
മര്‍ദ്ദനമേറ്റ ഹസന് ബോധരഹിതനാകുകയും മൂന്ന് ദിവസത്തോളം അബോധാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയും ചെയ്തിരുന്നു. രോഗാവസ്ഥയുടെ ഭാഗമായി സ്വഭാവത്തില്‍ അസ്വാഭാവികത പ്രകടിപ്പിക്കാറുള്ള ഹസന് സംഭവ ദിവസം ലിഫ്റ്റിനടുത്ത് നിന്ന് ലിഫ്റ്റിന്റെ സ്വിച്ച് അമര്‍ത്തി കളിച്ചിരുന്നു.
ഇത് ലിഫ്റ്റിലുണ്ടായിരുന്നവര്ക്ക് അസൗകര്യം സൃഷ്ടിച്ചിരുന്നു. ഇതില്‍ ക്ഷുഭിതരായ ലിഫ്റ്റ് യാത്രക്കാരായ രണ്ട് പേരാണ് ഹസനെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ ഹസന്റെ മുഖത്ത് അക്രമിയുടെ അഞ്ച് വിരല്‍ പാടുകള്‍ പതിഞ്ഞിരുന്നതായി ദൃസാക്ഷികള്‍ പറഞ്ഞു.
സംഭവത്തില്‍ കേസെടുത്ത പോലീസ് രണ്ട് പ്രതികളേയും തിരിച്ചറിയുകയും ചെയ്തു. ആശുപത്രി സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു. രോഗിയായ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹസന്-ഹുസന്‍ ചികിത്സാ സഹായ കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നവ മാധ്യമങ്ങളിലും പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.