അഡലെയ്ഡ്: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജയായ നഴ്സിംഗ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി കൊന്ന കേസിൽ മുൻ കാമുകന് ജീവപര്യന്തം തടവ്.
21-കാരിയായ ജാസ്മീൻ കൗറിനെയാണ് മുൻ കാമുകൻ തരിക്ജ്യോത് സിംഗ് (22) കേബിളുകൾകൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്.
2021 മാർച്ച് ആറിന് ഫ്ലിൻഡേഴ്സ് റേഞ്ചസിലാണ് സംഭവം. ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.
പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. കഴിഞ്ഞദിവസമാണ് കേസിൽ കോടതി വിചാരണ പൂർത്തിയായത്.
ജാസ്മിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയെന്ന ക്രൂരത കോടതിയിലാണ് പുറത്തുവന്നത്. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയിലാണ് ജാസ്മിനെ പ്രതി കൊലപ്പെടുത്തിയത്. വളരെയധികം ആസൂത്രണംചെയ്താണ് പ്രതി കൊലനടത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കോടതിയിൽ ആദ്യം കുറ്റം നിഷേധിച്ച സിംഗ് ജസ്മീൻ ജീവനൊടുക്കിയതാണെന്നും താൻ മൃതദേഹം അടക്കംചെയ്യുകയായിരുന്നെന്നുമാണ് പറഞ്ഞത്.
പിന്നീടാണ് കുറ്റസമ്മതം നടത്തിയത്. ഫ്ളിൻഡേഴ്സ് റേഞ്ചസിലുള്ള കുഴിമാടത്തിൽനിന്ന് കണ്ണുകെട്ടി ശരീരം മുഴുവൻ കേബിളുകളാൽ ബന്ധിച്ചനിലയിലുള്ള മൃതദേഹം പോലീസ് കണ്ടെടുത്തു.
അഡ്ലെയ്ഡിലെ ജോലിസ്ഥലത്തുനിന്നാണ് ഇയാൾ ജാസ്മിനെ തട്ടിക്കൊണ്ടുപോയത്. അവിടെ നിന്ന് 650 കിലോമീറ്റർ അകലെയുള്ള ഫ്ലിൻഡേഴ്സ് റേഞ്ചസിൽ എത്തിച്ച് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.