സ്വന്തംലേഖകൻ
തൃശൂർ: ജനങ്ങൾക്ക് ആവശ്യമായ സേവനം അതിവേഗത്തിൽ. നിയമത്തിനുള്ളിൽ നിന്നുകൊണ്ട് ചെയ്യാവുന്നതെല്ലാം. ഒരാളെപ്പോലും രണ്ടാമതൊരു തവണ നടത്തിച്ചില്ല. നന്ദിസൂചകമായി വന്ന നോട്ടുകെട്ടുകൾ അടക്കമുള്ള സമ്മാനപ്പൊതികളെല്ലാം വിനയത്തോടെ തിരസ്കരിച്ചു.ഇങ്ങനെയുമുണ്ട് സർക്കാർ ഉദ്യോഗസ്ഥൻ. തൃശൂർ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എഡിഎം) ആയ സി.കെ. അനന്തകൃഷ്ണൻ. അഴിമതിയുടെ കറ പുരളാത്ത സംശുദ്ധമായ കൈകളും മനസാക്ഷിയുമായി അദ്ദേഹം റവന്യു വകുപ്പിൽനിന്നു നാളെ പടിയിറങ്ങുകയാണ്.
രണ്ടുവർഷമായി തൃശൂരിൽ എഡിഎം ആയ അനന്തകൃഷ്ണൻ 23-ാം വയസിൽ എൽഡി ക്ലാർക്ക് ആയി ജോലി ആരംഭിച്ചതാണ്. അതേ സന്തോഷത്തോടെയാണ് 33 വർഷത്തെ സർവീസിനുശേഷം വിരമിക്കുന്നതെന്ന് പെരിഞ്ചേരി ചക്കാലയ്ക്കൽ പരേതനായ കൃഷ്ണനെഴുത്തഛന്റെ മകനായ സി.കെ. അനന്തകൃഷ്ണൻ ദീപികയോടു പറഞ്ഞു.
എഡിഎമ്മിന്റെ ചുമതല വഹിക്കുന്നതിനിടെ രണ്ടു മാസം തൃശൂരിൽ കളക്ടർ ഇല്ലാതിരുന്നപ്പോൾ ആ ചുമതലയും വഹിച്ചു. സങ്കീർണ വിഷയങ്ങളിൽ പക്വമായ തീരുമാനങ്ങളെടുത്തു. പാലിയേക്കര ടോൾ പ്ലാസയിലെ പ്രശ്നവും ക്വാറി പ്രശ്നവുമൊക്കെ കത്തി നിൽക്കുന്ന സമയത്തായിരുന്നു അനന്തകൃഷ്ണൻ കളക്ടറുടെ ചുമതല വഹിച്ചത്. വളരെ സമാധാനാപരമായി ഇടപെട്ട് പ്രശ്നങ്ങൾ ഗുരുതരമാകാതെ പരിഹരിക്കാനായതിൽ അഭിമാനമുണ്ടെന്ന് അനന്തകൃഷ്ണൻ ഓർമിച്ചു.
ജോലിയോട് നൂറു ശതമാനം ആത്മാർഥത പുലർത്തിയെന്ന വിശ്വാസമാണ് സന്തോഷത്തിന് പ്രധാന കാരണം.
സർക്കാർ ഓഫീസുകൾ അഴിമതിയിലും കൈക്കൂലിയിലും മുങ്ങിക്കുളിച്ചു നിൽക്കുന്പോൾ അതിന്റെ ചളി പുരളാതെ ജനങ്ങൾക്കു നീതി നടപ്പാക്കിക്കൊണ്ട് സർവീസ് പൂർത്തിയാക്കാൻ എങ്ങനെ സാധിച്ചുവെന്ന് ചോദിച്ചാൽ എഡിഎമ്മിന് വ്യക്തമായ മറുപടിയുണ്ട്: ‘ഒരു പൈസ പോലും കൈക്കൂലി നൽകാതെ പിഎസ്സി വഴിയാണ് സർക്കാർ ജോലി നേടിയത്. അതുകൊണ്ടു തന്നെ കൈക്കൂലി വാങ്ങരുതെന്ന ഒരു ഉറച്ച നിലപാട് തുടക്കംമുതലേ ഉണ്ടായിരുന്നു.
ഈ നിലപാട് മിക്കവർക്കും അറിയാം. നിയമപരമായി നടത്താവുന്ന കാര്യങ്ങൾ വച്ചുതാമസിപ്പിക്കാതെ നടത്തിക്കൊടുക്കേണ്ട ജനസേവകനാണെന്ന് ഒരിക്കൽ പോലും മറന്നിട്ടില്ല.’ അനന്തകൃഷ്ണൻ സർക്കാർ ഉദ്യോഗസ്ഥർക്കു മാതൃകയാകുന്നത് ഇങ്ങനെയാണ്.എട്ടു ജില്ലകളിൽ ജോലി ചെയ്തു. തൃശൂർ, പാലക്കാട് ജില്ലകളിൽ തഹസിൽദാരായിരുന്നു. 2013 ൽ സംസ്ഥാനത്തെ മികച്ച തഹസിൽദാർ അവാർഡും 2015 ൽ മികച്ച ഡെപ്യൂട്ടി കളക്ടർ അവാർഡും നേടി.
ജോലിയിൽ ഏറ്റവും സന്തോഷം തോന്നിയത് പാവപ്പെട്ടവരുടെ ഭൂമിക്കു പട്ടയം നൽകാൻ കഴിഞ്ഞപ്പോഴാണ്. അഞ്ചുവർഷം കൊണ്ട് 20 പേർക്കു മാത്രം പട്ടയം നൽകിയിരുന്നപ്പോഴാണ് എല്ലാ രേഖകളും പരിശോധിച്ച് ചുരുങ്ങിയ കാലത്തിനകം 61 പേർക്ക് പട്ടയം നൽകാൻ കഴിഞ്ഞത്. ഒട്ടു മിക്കവരും ഭൂമിയുടെ രേഖകൾ ശരിയാക്കുന്നത് മക്കളുടെ വിവാഹത്തിനു വായ്പയെടുക്കാനും മറ്റുമാണ്. ഇതിനു തടസം നിൽക്കാൻ ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ കഴിയില്ല.
തൃശൂർ ജില്ലയുടെ സന്പൂർണ വൈദ്യുതീകരണത്തിനു തടസമായിരുന്ന 250 കേസുകൾ പരിഹാരിക്കാനുള്ള ഉത്തരവുകൾ ഇറക്കാനായതും തിളക്കമുള്ള സർവീസ് അനുഭവമാണ്. ആറുവരി പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹാരിക്കുകയും കുതിരാനിൽ പാറപൊട്ടിക്കലിനിടെ കേടുപാടു സംഭവിച്ച വീട്ടുകാർക്കു നഷ്ടപരിഹാരത്തുക അതിവേഗത്തിൽ വിതരണം ചെയ്യാനായതും മറക്കാനാകില്ല.
തൃശൂർ പൂരം വെടിക്കെട്ടിനും മറ്റു വെടിക്കെട്ടുകൾക്കും നിയമത്തിനകത്തുനിന്ന് അനുമതി നൽകി പ്രതിസന്ധി ഒഴിവാക്കിയതും ഓർമകളിൽ തങ്ങി നിൽക്കുന്നു.സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവർക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ വച്ചുതാമസിപ്പിക്കാതെ വേഗം ചെയ്തു നൽകുക. ഇതാണ് ഉദ്യോഗസ്ഥർക്കുള്ള ഉപദേശം. ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥയായ ലളിതയാണ് ഭാര്യ. ആയുർവേദ ഡോക്ടറായ അശ്വതി മകളും ബിടെക് വിദ്യാർഥിയായ സച്ചിൻ ആനന്ദ് മകനുമാണ്.