കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ ദുരൂഹത. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പ്രതിക്കൂട്ടിലും ഗൂഢാലോചനയിൽ ജില്ലാ കളക്ടർ അരുൺ കെ.വിജയന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്പോഴും നിലവിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയാണ് കേസ് അന്വേഷിക്കുന്നത്.
സംസ്ഥാനത്ത് തന്നെ ഇത്രയും പ്രമാദമായ കേസ് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണസംഘം പോലും രൂപീകരിക്കാത്തത് ദുരൂഹതയേറുകയാണ്.നവീൻ ബാബു കൈക്കൂലി മേടിച്ചിട്ടില്ലെന്ന് സർക്കാരും സിപിഎം നേതൃത്വവും പറയുന്പോഴും നവീൻ ബാബുവിനെ കൈക്കൂലിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നും നടക്കുന്നത്.
സംഭവം നടന്ന് ആറു ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിപ്പട്ടികയിൽ ചേർത്ത പി.പി. ദിവ്യയുടെ മൊഴിയെടുക്കാനോ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകാനോ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. കളക്ടറുടെ മൊഴിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
കേസന്വേഷണവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും കിട്ടിയിട്ടില്ല. ദിവ്യയുടെ പരാമർശം വിവാദമായ നവീൻ ബാബുവിന്റെ യാത്രയയ്പ്പു ചടങ്ങിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ മൊഴി മാത്രമാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.