പത്തനംതിട്ട: കണ്ണൂരില്‍ ജീവനൊടുക്കിയ എഡിഎം മലയാലപ്പുഴ പത്തിശേരി കാരുവേലില്‍ നവീന്‍ ബാബു(55) വിന്റെ സംസ്കാരം നാളെ. ഇന്നലെ രാത്രി പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റാനാണ് തീരുമാനം.
നാളെ രാവിലെ പുറത്തെടുത്ത് പത്തനംതിട്ട കളക്ടറേറ്റിലടക്കം പൊതുദര്‍ശനത്തിനുവച്ചശേഷം മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് അന്തിമോപചാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ സംസ്കരിക്കാനാണ് തീരുമാനം.
കണ്ണൂരില്‍ നിന്നു പത്തനംതിട്ട എഡിഎമ്മായി സ്ഥലംമാറ്റപ്പെട്ട നവീന്‍ബാബുവിന്റെ മൃതദേഹം ഇന്നലെ രാവിലെയാണ് താമസസ്ഥലത്തു കണ്ടെത്തിയത്. തിങ്കളാഴ്ച കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ എഡിഎമ്മിനെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ പ്രസംഗമാണ് ജീവനൊടുക്കാന്‍ കാരണമായതെന്നു സംശയിക്കുന്നു.
പെട്രോള്‍ പമ്പിന് എന്‍ഒസി നല്കുന്ന വിഷയവുമായി ബന്ധപ്പെട്ട്് നവീന്‍ ബാബു പണം വാങ്ങിയെന്നാണ് ആരോപണം. രാത്രിയില്‍ നാട്ടിലേക്കുള്ള മലബാര്‍ എക്സ്പ്രസില്‍ ചെങ്ങന്നൂരില്‍ ഇറങ്ങാന്‍ റിസര്‍വേഷന്‍ എടുത്തിരുന്നുവെങ്കിലും യാത്ര റദ്ദാക്കി നവീന്‍ ബാബു താമസസ്ഥലത്തു തങ്ങുകയായിരുന്നു.
മനോവിഷമം കാരണം തൂങ്ങിമരിച്ചതാണെന്നാണ് നിഗമനം. നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് സംസ്ഥാനമൊട്ടാകെ ഉണ്ടായിരിക്കുന്നത്. റവന്യു ജീവനക്കാര്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്.
നവീന്‍ ബാബു നല്ല ഉദ്യോഗസ്ഥനാണെന്നു സാക്ഷ്യപ്പെടുത്തി റവന്യുമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും രംഗത്തെത്തിയതോടെ വെട്ടിലായത് കണ്ണൂരിലെ സിപിഎമ്മാണ്. സിപിഎം ജില്ലാ കമ്മിറ്റിയംഗ കൂടിയായ പി.പി. ദിവ്യയ്ക്കെതിരേ പാര്‍ട്ടിയും പ്രസ്താവന നടത്തേണ്ടിവന്നു. നവീന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റിയും രംഗത്തെത്തി.