തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ റവന്യു റിപ്പോർട്ട് കൈമാറും. ക്രിമിനൽ നടപടിപ്രകാരം പോലീസ് നടത്തുന്ന അന്വേഷണത്തിൽ വകുപ്പുതലത്തിൽ നവീൻ ബാബു ഫയലുകളിൽ കാലതാമസം വരുത്തിയിട്ടില്ലെന്നു വ്യക്തമാക്കാൻ റവന്യു അന്വേഷണ റിപ്പോർട്ട് ഏറെ പ്രയോജനം ചെയ്യുമെന്നാണു വിലയിരുത്തൽ.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു സമർപ്പിച്ച ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ.ഗീതയുടെ റിപ്പോർട്ടിൽ കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴിയും വ്യക്തമാക്കുന്നുണ്ട്. അവസാന സമയത്ത് എഡിഎം നവീൻ ബാബു തന്നോടു തെറ്റുപറ്റിയെന്നു സമ്മതിച്ചതായി വ്യക്തമാക്കുന്ന പ്രത്യേക മൊഴിയാണ് റിപ്പോർട്ടിനൊപ്പമുള്ളത്.
എന്നാൽ, എന്തു കാര്യത്തിലാണ് തെറ്റുപറ്റിയതെന്ന് കളക്ടറുടെ മൊഴിയിൽ പറയുന്നില്ല. ഫയലിൽ കാലതാമസം വരുത്തിയതിനാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങൾക്കാണോ എന്നത് അവ്യക്തമാണ്. കളക്ടർ പ്രത്യേകമായി തയാറാക്കി നൽകിയ മൊഴി റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തുകയായിരുന്നു. കളക്ടറുടെ മൊഴി നവീൻബാബുവിന്റെ കുടുംബം തള്ളിയിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ രക്ഷിക്കാനാണ് കളക്ടർ ഇത്തരമൊരുമൊഴി നൽകിയതെന്നാണ് ആരോപണം.
എന്നാൽ, റിപ്പോർട്ടിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരേ നടപടി ശിപാർശ നിർദേശിക്കുന്നില്ല. ഇതിനാൽ കളക്ടർക്കെതിരേ നടപടി സ്വീകരിക്കുന്നത് ഒഴികെ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കാൻ സർക്കാരിനു കഴിയില്ല. പെട്രോൾ പന്പ് ലൈസൻസിനുള്ള എൻഒസിക്കായുള്ള ഫയലിൽ എഡിഎമ്മായിരുന്ന നവീൻ ബാബു ഒരുതരത്തിലുള്ള കാലതാമസവും വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഒക്ടോബർ 24ന് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനു സമർപ്പിച്ച ഫയൽ നവംബർ ഒന്നിനു വൈകുന്നേരമാണ് മന്ത്രി കെ. രാജൻ, മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
പെട്രോൾപന്പിന് എൻഒസി നൽകുന്നതിൽ നവീൻബാബു നിയമപരമായി മാത്രമാണ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വന്തം നാടായ പത്തനംതിട്ടയിലേക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ നവീൻബാബുവിനെ പരസ്യമായി അധിക്ഷേപിച്ച സംഭവം ഉണ്ടായത്. അതിന്റെ വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്വന്തം ലേഖകൻ