പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച എഡിഎം നവീന്‍ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു പോലീസില്‍ പരാതി നല്കി. പ്രഥമദൃഷ്ട്യ പി.പി. ദിവ്യയ്ക്കെതിരേ കേസെടുക്കാനാകുമെന്ന് അഭിഭാഷകന് കൂടിയായ പ്രവീണ്‍ ബാബു പറഞ്ഞു.
കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തി ദിവ്യ നടത്തിയ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കാന്‍ കാരണമായതെന്നു വ്യക്തമാണെന്നും പ്രവീണ്‍ ബാബു പറഞ്ഞു. ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതായി പറയുന്ന പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.