കണ്ണൂര്‍: വിളിക്കാതെ വന്നയാൾ പൊതുവേദിയിൽ കയറി അപമാനിച്ചതിലെ മനോവിഷമം. കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍. പള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്.
കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അദ്ദേഹം തിങ്കളാഴ്ച രാത്രിയിലെ ട്രെയിനിൽ പോകേണ്ടതായിരുന്നു. എന്നാൽ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
എഡിഎമ്മിന് തിങ്കളാഴ്ചയാണ് യാത്രയയപ്പ് നല്‍കിയത്. യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കാതെ തന്നെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇദ്ദേഹത്തിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശിപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശിപാർശയിൽ നടന്നതിലെ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്നാണ് വിമർശനമുയരുന്നത്. പി.പി.ദിവ്യ ഇന്ന് മാധ്യമങ്ങളെ കാണാനിരിക്കെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.