ന്യൂഡൽഹി: ആധാർ ഇല്ലെന്ന കാരണത്താൽ ചികിത്സ നിഷേധിക്കപ്പെട്ട യുവതി ആശുപത്രി വരാന്തയിൽ പ്രസവിച്ചു. ഡൽഹിക്കടുത്ത് ഗുരുഗ്രാമിലെ സിവിൽ ആശുപത്രിയിലാണു സംഭവം. മുന്നി എന്ന 25കാരിയായ യുവതിക്കാണ് ദുരവസ്ഥയുണ്ടായത്. ആധാർ ഇല്ലെന്ന കാരണത്താൽ പ്രസവത്തിനു മുന്‍പുള്ള അൾട്രാ സൗണ്ട് സ്കാനിംഗ് നടത്താൻ ആശുപത്രി അധികൃതർ തയാറായില്ല.
മുന്നിയുടെ കൈവശം തന്റെ ആധാർ നന്പർ ഉണ്ടായിരുന്നെങ്കിലും ആധാർ കാർഡിന്റെ പകർപ്പു തന്നെ വേണമെന്ന് ആശുപത്രി അധികൃതർ വാശിപിടിച്ചു. ആധാർ ഇല്ലെന്ന ഒറ്റക്കാരണത്താലാണ് തന്റെ ഭാര്യയെ ഡോക്ടർമാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതിരുന്നതെന്ന് ഭർത്താവ് ബബ്ലുവും പറയുന്നു.
യാതൊരു വിധത്തിലുള്ള വൈദ്യസഹായവും ലഭിക്കാതെയാണ് അത്യാഹിത വാർഡിന്റെ വരാന്തയിൽ മുന്നി ഒരു പെണ്‍കുഞ്ഞിന് ജൻമം നൽകിയത്. ഭാര്യ വേദന കൊണ്ട് അലറിക്കരയുന്പോൾ തനിക്കു നിസഹായനായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളുവെന്നും ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ലെന്നും ബബ്ലു പറഞ്ഞു.
സംഭവത്തിൽ തങ്ങൾക്ക് ആരോടും പരാതിയില്ലെന്നു പറഞ്ഞ് മുന്നിയും കുടുംബവും ആശുപത്രി വിട്ടെങ്കിലും, ഗുരുഗ്രാം പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ഒരു ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഗുരുഗ്രാമിലെ ശീത്ള കോളനി നിവാസിയാണ് യുവതി.