നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണവാര്‍ത്ത നല്കിയ ഞെട്ടലില്‍ നിന്ന് ഇതുവരെയും ഇന്ത്യന്‍ സിനിമാലോകം മുക്തരായിട്ടില്ല. ശ്രീദേവിയുടെ മരണം കൂടുതല്‍ ദുരൂഹതകളിലേയ്ക്ക് നീങ്ങുമ്പോള്‍ സംഭവം നടന്ന ശേഷം ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിനെ കണ്ട നിമിഷങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടന് അദ്നന് സിദ്ദിഖി.
ശ്രീദേവി അവസാനം അഭിനയിച്ച മോം എന്ന സിനിമയില്‍ ശ്രീദേവിക്കൊപ്പം അഭിനയിച്ചയാള്‍ കൂടിയാണ് അദ്നാന്. ദുബായിലായിരുന്ന അദ്നാന് വാര്‍ത്തയറിഞ്ഞശേഷം ശ്രീദേവിയുടെ കുടുംബം കഴിഞ്ഞിരുന്ന ഹോട്ടലിലെത്തി. പിന്നീട് താന്‍ സാക്ഷിയായതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ…
ഏകദേശം 11 മണി. ഹോട്ടലിലെത്തിയ എന്നെ മുകളിലത്തെ നിലയിലേക്ക് കയറ്റിയില്ല. അവിടെ അപ്പോള്‍ അന്വേഷണം നടക്കുകയായിരുന്നു. ബോണി സാറും ദുബായി പോലീസ് ഉദ്യോഗസ്ഥരും മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഞാന്‍ ലോബിയില്‍ തന്നെ ഒരുമണിക്കൂറോളം കാത്തിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ബോണി സാര്‍ എന്നെ മുകളിലേക്ക് വിളിച്ചു.
അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കുടുംബമായിരുന്നു ഒപ്പമുണ്ടായിരുന്നത്. അദ്ദേഹം വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ആശ്വസിപ്പിക്കാനാകാത്ത വിധം കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. രാവിലെ അഞ്ച് മണി വരെ ഞാന്‍ അദ്ദേഹത്തിനൊപ്പംനിന്നു. മാനസികമായും തളര്‍ന്ന നിലയായിരുന്നു ബോണി സാര്‍. അദ്ദേഹത്തോട് വിശ്രമിക്കാനാവശ്യപ്പെട്ട ശേഷം അവിടുന്ന് തിരിച്ചുപോരുകയായിരുന്നു. അദ്നാന് പറഞ്ഞുനിര്‍ത്തുന്നു.