അഡോള്‍ഫ് ഹിറ്റ്ലറുടെ ജീവിതം എന്നും ഒരു ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു .1945 ഏപ്രിലില്‍ ബര്‍ലിനിലെ ബങ്കറില്‍ വെച്ച് സോവിയറ്റ് സൈന്യം വളഞ്ഞപ്പോള്‍ ഹിറ്റ്ലറും കാമുകി ഇവ ബ്രൗണും സ്വയം വെടിവെച്ച് മരിച്ചുവെന്നാണ് ചരിത്രം പറയുന്നത്.സോവിയറ്റ് സൈന്യം പിന്നീട് കണ്ടെടുത്ത ഹിറ്റ്ലറിന്റേയും കാമുകിയുടേയും ശരീരങ്ങള്‍ അജ്ഞാത സ്ഥലത്ത് മറവുചെയ്യുകയായിരുന്നു. ഒരാഴ്ചക്കുള്ളില്‍ ജര്‍മനി നിരുപാധികം കീഴടങ്ങുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷവും ഹിറ്റ്ലര്‍ ജീവിച്ചിരുന്നെന്നും 1955 നു ശേഷവും അഡോള്‍ഫ് ഹിറ്റ്ലറെക്കുറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സിഐഎ ഗൗരവമായി അന്വേഷിച്ചിരുന്നുവെന്നുമുള്ള രേഖകളാണ് ഇപ്പോള്‍ പുറത്തായത്. കൊളംബിയയില്‍ വെച്ച് ഹിറ്റ്ലറെ തുടര്‍ച്ചയായി കാണാറുണ്ടായിരുന്നുവെന്ന ജര്‍മ്മനിയുടെ മുന്‍ എസ്എസ് ട്രൂപ്പിലെ അംഗത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 66കാരനായിരുന്ന ഹിറ്റ്ലര്‍ ആ സമയത്ത് കപ്പലില്‍ ചരക്ക് കയറ്റിയയക്കുന്ന കമ്പനിയില്‍ പണിയെടുത്തിരുന്നതായും പിന്നീട് അര്‍ജന്റീനയിലേക്ക് കടന്നെന്നും സിഐഎ രേഖകള്‍ പറയുന്നു.
സിഐഎയുടെ വെനസ്വേലയിലെ മേധാവിയാണ് ഇതു സംബന്ധിച്ച രേഖകള്‍ അമേരിക്കയ്ക്ക് കൈമാറിയിരിക്കുന്നത്. ഇദ്ദേഹത്തിന് വിവരം നല്കിയ ഫിലിപ് സിട്രോണ്‍ എന്നയാള്‍ ഹിറ്റ്ലര്‍ക്കൊപ്പം നില്ക്കുന്ന ചിത്രവും ഇതോടൊപ്പം ചേര്‍ത്തിരുന്നു. ഈ ചിത്രമെടുത്തത് 1955 സെപ്റ്റംബറിലാണെന്ന് CIMELODY-3 എന്ന രഹസ്യ പേരിലറിയപ്പെട്ട, സിഐഎക്ക് വിവരം നല്‍കിയയാള്‍ അവകാശപ്പെട്ടിരുന്നു.
കൊളംബിയയിലുള്ളപ്പോള് മാസത്തില്‍ ഒരുതവണ ഹിറ്റ്ലറെ നേരിട്ട് കണ്ടിരുന്നുവെന്നാണ് സിട്രോണ്‍ അവകാശപ്പെട്ടിരുന്നത്. റോയല്‍ ഡച്ച് ഷിപ്പിങ് കമ്പനിയിലെ ജോലിക്കാരനായിരുന്ന സിട്രോണ്‍ ഔദ്യോഗിക ആവശ്യത്തിന് കൊളംബിയയിലേക്ക് പോകുമ്പോഴായിരുന്നു ഈ രഹസ്യ സന്ദര്‍ശനങ്ങള്‍.
ഹിറ്റ്ലര്‍ ലാറ്റിനമേരിക്കയിലേക്ക് രക്ഷപ്പെട്ടിരുന്നുവെന്നുള്ള ഊഹാപോഹങ്ങള്‍ പണ്ടേ പ്രചരിച്ചിരുന്നു. ഹിസ്റ്ററുടെ കൂട്ടാളികളില്‍ പ്രമുഖരായ അഡോള്‍ഫ് ഐച്ച്മാനേയും ജോസഫ് മെന്ഗേലയേയും അര്‍ജന്റീനയില്‍ നിന്നും ബ്രസീലില്‍ നിന്നു പിടികൂടിയതും പിന്നീട് ഈ പ്രചാരണങ്ങളുടെ ശക്തി കൂട്ടി. ഇസ്രയേലി രഹസ്യാന്വേഷണ ഏജന്‍സി പിടികൂടിയ അഡോള്‍ഫ് ഐച്ച്മാനെ 1961ല്‍ തൂക്കിലേറ്റി. എന്നാല്‍ മെന്ഗേല രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബ്രസീലില്‍ വെച്ച് 1979ല്‍ മുങ്ങിമരിക്കുകയാണുണ്ടായത്. 1955ലാണ് ഹിറ്റ്ലറിന്റെ ചിത്രവും മറ്റുവിവരങ്ങളുമുള്ള ഫയല്‍ കാരക്കാസ് ബ്യൂറോ ചീഫ് ഡേവിഡ് ബ്രിക്സ്നര് അമേരിക്കയിലേക്ക് അയക്കുന്നത്. കൈകൊണ്ട് എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ടായിരുന്നു ഇത്. വിവരങ്ങള്‍ കൈമാറിയ CIMELODY-3 എന്നയാളെ പൂര്‍ണ്ണമായും വിശ്വസിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. യുദ്ധം കഴിഞ്ഞ പത്തുവര്‍ഷം കഴിഞ്ഞതിനാല്‍ ഹിറ്റ്ലറെ വിചാരണ ചെയ്യാന്‍ ശത്രുരാജ്യങ്ങള്‍ക്ക് സാധിക്കില്ലെന്ന വിശ്വാസത്തിലാണ് സിട്രോണ്‍ വിവരങ്ങള്‍ കൈമാറിയതെന്നും ബ്രിക്സ്നര് വ്യക്തമാക്കുന്നുണ്ട്. എന്തായാലും ഹിറ്റ്ലറുടെ ജീവിതം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.