എല്ലാക്കാലത്തും വിമര്‍ശനം ഏറ്റുവാങ്ങിയവയാണ് തന്റെ ചിത്രങ്ങളെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ദിലീപ് മലയാളത്തിലെ മികച്ച നടനാണെന്നും ദിലീപ് നായകനായ പിന്നെയും എന്ന ചിത്രമാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട തന്റെ ചിത്രമെന്നും കൃതി സാഹിത്യ വിജ്ഞാനോത്സവത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്വയംവരം എന്ന തന്റെ ചിത്രം റിലീസ് ചെയ്ത കാലത്ത് ആരും അംഗീകരിച്ചിരുന്നില്ല.
ഇപ്പോള്‍ പിന്നെയും എന്ന ദിലീപ് ചിത്രത്തേയും എല്ലാവരും വിമര്‍ശിക്കുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട തന്റെ ചിത്രങ്ങളില്‍ ഒന്നാണ് പിന്നെയുമെന്നും മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ദിലീപെന്നുമാണ് അടൂര്‍ പറഞ്ഞത്. സ്‌കൂളുകളില്‍ തിരക്കഥയെഴുതാനും സിനിമ നിര്‍മിക്കാനും സംവിധാനം പഠിപ്പിക്കാനും ശ്രമിയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ വായനയിലേയ്ക്ക് നയിക്കാനും കലാകാരന്മാരേ മനസ്സിലാക്കാനുമുള്ള പരിശീലനവുമാണ് നല്‍കേണ്ടത്.
തിരക്കഥ എന്നത് എഴുതി പഠിപ്പിക്കേണ്ട ഒന്നാണെന്ന അഭിപ്രായം തനിക്കില്ലെന്നും അടുര്‍ പറഞ്ഞു. ഒരു സംവിധായകന് തന്റെ ചിത്രം നിര്‍മിക്കാനുള്ള മാര്‍ഗനിര്‍ദേശം നല്‍കുക എന്നതു മാത്രമാണ് തിരക്കഥയ്ക്കുള്ള സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. തിരക്കഥയില്‍ നിന്നും ഒരുപാട് വളര്‍ച്ച സിനിമയ്ക്കുണ്ട്.
എന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള തിരക്കഥകളെല്ലാം പൂര്‍ത്തിയായ സിനിമകളെ അവലംബിച്ചു മാത്രമാണ്. ചിത്രീകരണത്തിനു മുമ്പുള്ള തിരക്കഥാരൂപം വേറെയായിരിക്കും. നാടകം എഴുതുകയോ അഭിനയിക്കുകയോ കഥയോ നോവലോ കവിതയോ എഴുതുകയോ ചെയ്യാത്തവര്‍ക്ക് സിനിമയില്‍ ഒന്നും ചെയ്യാനില്ലെന്നാണ് ഞാന്‍ കരുതുന്നത്’, അടൂര്‍ പറഞ്ഞു.