അടൂര്‍: അടൂര്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കാന്‍ അനുമതി നല്കണമെന്നാനാവശ്യപ്പെട്ട് അധ്യാപക രക്ഷാകര്‍തൃ സമിതി പ്രമേയം പാസാക്കി.
സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കുന്നുണ്ട്. എന്നാല്‍ യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം.1917ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ഉണ്ടായിരുന്നു.
കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ 1962ല്‍ സ്കൂള്‍ വിഭജിച്ച് ബോയ്സ്, ഗേള്‍സ് സ്കൂളുകളാക്കി മാറ്റുകയായിരുന്നു. പിന്നീട് 1997ല്‍ ഹയര്‍സെക്കന്‍ഡറി തുടങ്ങിയപ്പോള്‍ പ്ലസ് വണ്‍ ക്ലാസുകളില്‍ പെണ്‍കുട്ടികളെയും പ്രവേശിപ്പിച്ചു തുടങ്ങി.
അപ്പോഴും യുപി, ഹൈസ്കൂള്‍ ക്ലാസുകളില്‍ പെണ്‍കുട്ടികളുടെ പ്രവേശന നിഷേധം തുടര്‍ന്നു. വിവേചനം അവസാനിപ്പിച്ച് ആണ് പള്ളിക്കൂടമായ സ്കൂളിലെ യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് പിടിഎ പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.
സ്റ്റാഫ് സെക്രട്ടറി പി.ആര്. ഗിരീഷ് പ്രമേയം അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് കെ. ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു.
എസ്എംസി ചെയര്മാന് കെ.ബി. രാജശേഖര കുറുപ്പ്, പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്, പ്രഥമാധ്യാകന് കെ. വിമല്‍കുമാര്‍, സുനില്‍ മൂലയില്‍, ബിനോയ് സ്കറിയ, ഡി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.