അടൂര്: ബൈപാസില് വാഹനങ്ങളുടെ അമിത വേഗം അപകടങ്ങള്ക്കു കാരണമാകുന്നു. എംസി റോഡില് നെല്ലിമൂട്ടില്പടി മുതല് ബൈപാസ് അവസാധിക്കുന്ന കരുവാറ്റ ഭാഗം വരെ അഞ്ചിലധികം വളവുകളും പത്തിലധികം ഉപറോഡുകളുമാണ് ഉള്ളത്. ബൈപാസ് നിര്മിച്ച ഘട്ടത്തില് പ്രദേശം ജനവാസമേഖലയായിരുന്നില്ല. അതിനാല് വളവുകള് പരമാവധി ഒഴിവാക്കി നിര്മാണം നടത്തുന്നതിലേക്ക് കൂടുതല് സ്ഥലം ഏറ്റെടുക്കാനാകുമായിരുന്നു. എന്നാല് ഇതിലുണ്ടായ വീഴ്ചയാണ് ഇപ്പോള് പ്രശ്നമായിരിക്കുന്നത്.
ഉപറോഡുകളില് നിന്നു ബൈപാസിലേക്കു കയറുന്ന വാഹനങ്ങള്ക്ക് ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങള് കാണാന് കഴിയുന്നില്ല. അതേപോലെ വാഹനങ്ങള്ക്ക് പാര്ക്കിംഗിനു സ്ഥലം ഇല്ലാത്തതും അപകടങ്ങള്ക്ക് കാരണമാകുന്നു. നിരവധി അപകടവളവുകളാണ് ബൈപാസിലുള്ളത്.
വളവുകളുള്ള ഭാഗത്ത് ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും തുടങ്ങിയതും കൂടുതല് അപകടങ്ങള്ക്ക് കാരണമാകുന്നു. സ്ഥാപനങ്ങളിലെത്തുന്നവരുടെ വാഹനങ്ങള് വളവുകള്ക്കരികില് പാര്ക്ക് ചെയ്യുന്നതും സ്ഥാപനങ്ങളില് കയറിയശേഷം അശ്രദ്ധമായി വാഹനങ്ങള് മുമ്പോട്ടെടുക്കുന്നതുമെല്ലാം അപകടങ്ങള്ക്കു കാരണമാകുന്നു. ബൈപാസിലെ തുടര്ച്ചയായ വളവുകള് കാരണം ഡ്രൈവര്മാര്ക്ക് ദൂരക്കാഴ്ച ലഭിക്കാറില്ല. ഇതിനൊപ്പം അമിതവേഗം കൂടിയാകുമ്പോള് അപകടങ്ങള് വര്ധിക്കുന്നതിനു കാരണമാകുന്നു.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത പാര്ക്കിംഗും റോഡിനു മധ്യത്തിലായി വാഹനങ്ങള് തിരിക്കാന് ശ്രമിക്കുന്നതുമെല്ലാം അപകടങ്ങള്ക്കിടയാക്കുന്നുണ്ട്.പാര്ഥസാരഥി ജംഗ്ഷന് – വട്ടത്തറപ്പടി – മുന്നാളം റോഡ് വട്ടത്തറപ്പടി വളവിലാണ് ബൈപാസ് മുറിച്ചു കടക്കുന്നത്.