കൊല്ലം: കേരളത്തില്‍ ജീവിക്കുവാന്‍ തോന്നുന്നില്ലെന്ന് ചലച്ചിത്രകാരൻ അടൂര്‍ ഗോപാലകൃഷ്ണന്. കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ തപസ്യ സംസ്ഥാനവാര്ഷികോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയുടെ യഥാര്ഥഅവകാശികളില്പെട്ട ഒരു ആദിവാസിയെ വളരെ നിഷ്ഠൂരമായാണ് തല്ലികൊന്നത്. മനുഷ്യത്വമില്ലാത്ത കാലത്തേക്ക് എത്ര വേഗമാണ് കേരളം എത്തപ്പെട്ടിരിക്കുന്നത്. പരസ്പരബഹുമാനം ഇല്ലാതായിട്ട് നാളുകളായി.
ഇപ്പോള്‍ അനുകമ്പയും ദയയും മനുഷ്യത്വവും നശിച്ചിരിക്കുന്നു. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അടിസ്ഥാനമൂല്യങ്ങളെല്ലാം കേരളസമൂഹത്തില്‍ മാഞ്ഞുപോകുകയാണ്. രാക്ഷസീയമായ ജീവിതരീതിയിലേക്കുള്ള മലയാളിയുടെ വഴുതിവീഴലാണ് ഈ സംഭവം. വന ഉല്പന്നങ്ങള്പോലും എടുക്കാനാകാത്ത വിധം നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് വനവാസികള്‍ക്ക് ഈ ഗതിയുണ്ടായത്.
അധിനിവേശശക്തികളാണ് ആദ്യകാലം മുതല്‍ ഭൂമിയുടെ അവകാശികളായ വനവാസികളെ പുറത്താക്കിയത്. അവരുടെ അധ്വാനം കൊണ്ട് ഇത്തരക്കാര്‍ വളര്‍ന്നു. നാടാകെ കൊള്ളയടിച്ചു. മധുവിന്റെ ദാരുണമരണത്തിന്റെ പാപഭാരം വഹിച്ചുകൊണ്ട് ജീവിച്ചിരിക്കാന്‍ തോന്നുന്നില്ല.
25 പേരില്‍ ഒരാള്‍ പോലും അരുത് എന്ന് പറയാത്തത് മനസാക്ഷിയുടെ മരണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഒരു സാധുവിനെ അടിച്ച് കൊല്ലാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്. കുട്ടിക്കാലത്ത് പഠിച്ച പൗരധര്‍മം പോലും വിസ്മരിച്ചുള്ള ഇത്തരം ജീവിതം തികച്ചും ദൗര്‍ഭാഗ്യകരമാണ്. അഭിമാനത്തോടെ നാടൊട്ടുക്ക് പ്രബുദ്ധകേരളം എന്നവകാശപ്പെടുമ്പോഴാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
സ്വാര്ഥമതവെറിയിലൂടെ രാഷ്ട്രീയനേതാക്കളാണ് കേരത്തിലെ വനവാസികളെ ഈ ഗതിയിലേക്ക് തള്ളിയിട്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ പറഞ്ഞു.
ഗ്രാമ്യനന്മയുള്ള മലയാളിമനസുകളില്‍ ശൂന്യത സൃഷ്ടിച്ച കേരളത്തിലെ സാംസ്കാരികയന്ത്രങ്ങള്ക്ക് മധുവിന്റെ മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്കാര്‍ ഭാരതി ദേശീയ സെക്രട്ടറി രവീന്ദ്രഭാരതി, പത്മശ്രീ നേടിയ കല്ലാര്‍ ലക്ഷ്മിക്കുട്ടി, പി.നാരായണക്കുറുപ്പ്, പ്രഫ.സി.ജി.രാജഗോപാല്‍, പ്രഫ.കെ.ശശികുമാര്‍, രജിത്കുമാര്‍, ഡോ.വി.എസ്.രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.