നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച് സംസാരിച്ചവരെല്ലാം തന്നെ പഴികേള്‍ക്കുകയും അവരില്‍ ചിലരെല്ലാം കേസില്‍പ്പെടുകയും വരെ ചെയ്തിരുന്നു. അക്കൂട്ടത്തിലൊരാളാണ് മലയാള സിനിമയിലെ പ്രമുഖനും മുതിര്‍ന്ന അംഗവുമായ അടൂര്‍ ഗോപാലകൃഷ്ണന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദമാകുകയും സോഷ്യല്‍മീഡിയയിലടക്കം അടൂരിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് അടൂര്‍ പിന്നീട് ഇതേക്കുറിച്ച് പറഞ്ഞത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടേ? നടക്കാന്‍ പാടില്ലാത്തതാണു നടന്നത്. ഒരു സ്ത്രീയോടും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്. അതു ചെയ്ത, നമുക്കറിയാവുന്ന ഒരാളുണ്ട്. അയാളെപ്പറ്റിയല്ലാതെ മറ്റുള്ളവരെപ്പറ്റി ഇപ്പോഴും നമുക്കറിഞ്ഞുകൂടാ. ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടേ? ഈ കുറ്റകൃത്യം ചെയ്തയാള്‍ക്കറിയാം അക്രമത്തിനിരയായ നടിയും ആരോപണവിധേയനായ നടനുമായി ഇഷ്ടത്തിലല്ല, അതുകൊണ്ടുതന്നെ നടന്‍ അയാളുടെ സിനിമകളില്‍നിന്ന് ഈ നടിയെ മാറ്റിയിരുന്നു. അത് ഉപയോഗപ്പെടുത്തി, ആ നടന്റെ പേര് ഇതിലുള്‍പ്പെടുത്താന്‍ വേണ്ടി ചെയ്തതായിക്കൂടേ? എനിക്കു ബലമായ സംശയമുണ്ട്’. അടൂര്‍ പറയുന്നു. കയ്യേറ്റവും പീഡനവുമൊക്കെ സിനിമയില്‍ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളതാണ്. സിനിമയുടെ ഗ്ലാമര്‍ കാരണം സിനിമാമേഖല കൂടുതല്‍ പ്രൊജക്ട് ചെയ്യപ്പെടുന്നു.
സിനിമക്കാരെപ്പറ്റി കേള്‍ക്കാന്‍ ആളുകള്‍ക്കു താത്പര്യമുള്ളതുകൊണ്ട് ദിവസവും പത്രങ്ങളില്‍ തുടര്‍ക്കഥകളെഴുതുന്നു, പക്ഷേ അതൊക്കെ എത്രമാത്രം സത്യമാണെന്നു നമുക്കറിഞ്ഞുകൂടാ. ഇതൊക്കെ വായിക്കുന്നവര്‍ക്കു കിട്ടുന്ന സന്തോഷം, അവരൊക്കെ വളരെ യോഗ്യരാണ്, മറ്റുള്ളവര്‍ക്കാണ് കുഴപ്പം മുഴുവന്‍ എന്നതരം സംതൃപ്തിയാണ്. അതിനെയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ഫീഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ആരാണു കുറ്റവാളികള്‍ എന്നു തീരുമാനിക്കാന്‍ കോടതികളുണ്ട്. എന്നോട് ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ സഹികെട്ട് ഞാന്‍ പറഞ്ഞു, ‘നിങ്ങളെല്ലാവരുംകൂടി വിധി തീരുമാനിക്കരുത്. പരമാവധി നിങ്ങള്‍ക്കു ചെയ്യാവുന്നത് റിപ്പോര്‍ട്ട് ചെയ്യുക എന്നതു മാത്രമാണ്, വാര്‍ത്തയുണ്ടാക്കലല്ല.’ അവരതിനെ വളച്ചൊടിച്ച് വേറെയാക്കി. മാധ്യമങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് ഞാനിപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ടെലിവിഷന്‍ പരിപാടികളോ വാര്‍ത്താ ചാനലുകളോ കാണാറില്ല. അവ കണ്ടിട്ട് യാതൊരു പ്രയോജനവുമുണ്ടെന്ന് തോന്നുന്നില്ല. ചില പ്രത്യേക ആളുകളുടെ സന്തോഷത്തിനുവേണ്ടി മാത്രമാണ് ഇവര്‍ വാര്‍ത്തകള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്. അതില്‍ അവര്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.