കൊച്ചി: പ്രകൃതിയെ നശിപ്പിക്കുന്ന അനാവശ്യ വികസന പ്രവർത്തനങ്ങൾ ഉപേക്ഷിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഓയിസ്ക ഇന്റർനാഷണൽ ദക്ഷിണേന്ത്യൻ ചാപ്റ്ററും കളമശേരി സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പും (സൈം) സംയുക്തമായി സംഘടിപ്പിക്കുന്ന ഓയിസ്ക ഗ്ലോബൽ യൂത്ത് ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നു വിമാനത്താവളങ്ങളുള്ള കേരളം നാലാമത് ഒന്നിന്റെ ഉദ്ഘാടനം കാത്തിരിക്കുകയാണ്. അഞ്ചാമത് വിമാനത്താവളം പശ്ചിമഘട്ടത്തിൽ സ്ഥാപിക്കാൻ ആലോചന നടക്കുന്നു. നാല് വിമാനത്താവളങ്ങൾ തന്നെ കേരളത്തിന് അധികമാണ്. പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന മറ്റൊരു വിമാനത്താവളത്തിന്റെ ആവശ്യം കേരളത്തിനില്ല. കേരളത്തിന്റെ വനഭൂമിയും പ്രകൃതി സൗന്ദര്യവും നശിപ്പിക്കാൻ വിമാനത്താവളം കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്വാറികളും മണൽ ഖനനവും കേരളത്തിന്റെ പ്രകൃതിയെ നശിപ്പിക്കുന്നു. ലാഭകരം അല്ലാത്തതിനാൽ കർഷകർ നെൽ കൃഷി ഉപേക്ഷിച്ചു. ഇവയൊക്കെ വിനാശകരമാണെന്നു അടൂർ ചൂണ്ടിക്കാട്ടി. യുവാക്കൾ ഇതിനെതിരെ പട നയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഒയിസ്ക ദക്ഷിണേന്ത്യൻ പ്രസിഡന്റുമായ കെ.വി. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ഒയിസ്ക ഇന്റർനാഷനൽ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ എം. അരവിന്ദ് ബാബു ആമുഖ പ്രസംഗം നടത്തി. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത മുഖ്യാതിഥിയായിരുന്നു. സൈം കൊച്ചി ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി.
ഓയിസ്ക ജപ്പാൻ പ്രസിഡന്റ് എത്സുകോ നകാനോ, ഒയിസ്ക സെക്രട്ടറി ജനറൽ യാസുകി നാഗിഷി, കന്നഡ നടനും സംവിധായകനും പരിസ്ഥിതി പ്രവർത്തകനുമായ സുരേഷ് ഹെബ്ളിക്കർ, ഔഷധി ചെയർമാൻ ഡോ. കെ.ആർ. വിശ്വംഭരൻ, സൈം ഡയറക്ടർ ബോർഡ് അംഗം വി.ഒ സെബാസ്റ്റ്യൻ, ഡോ. മനോജ് വർഗീസ്, കെ.പി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
ഒയിസ്ക യൂത്ത് ഐക്കണ് അവാർഡുകൾ ആലപ്പുഴ ജില്ലാ കളക്ടർ ടി.വി. അനുപമ, ഒളിന്പ്യൻ പി.ആർ. ശ്രീജേഷ്, ഡോ. ഗായത്രി സുബ്രഹ്മണ്യം, ആര്യ ഗോപി എന്നിവർക്ക് സമ്മാനിച്ചു. സമ്മേളനം നാളെ സമാപിക്കും.