മലയാള സിനിമയെ ലോകചലച്ചിത്ര ഭൂപടത്തിൽ പ്രതിഷ്ഠിച്ച വിഖ്യാത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനു ഗൗരവപ്രകൃതമാണ് എന്ന ധാരണയാണ് പൊതുവേ ജനങ്ങൾക്കുള്ളത്. പൊട്ടിച്ചിരിയും തമാശയും വട്ടം ചുറ്റിക്കലുമൊക്കെയായി സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുന്ന ഗോപാലകൃഷ്ണനെ സങ്കല്പിക്കുവാൻ പോലും ആസ്വാദകർക്കു പ്രയാസമാണ്. എന്നാൽ അങ്ങനെ ഒരു രസകരമായ ഒരു മുഖം അടൂർ ഗോപാലകൃഷ്ണനുണ്ട്. അടൂർ തന്നെ ഫ്ളാഷ് ബാക്കിലേക്കു പോകുമ്പോൾ സദസ് അമ്പരന്ന് പോകും. ഇക്കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് നടന്ന കവി പഴവിള രമേശൻ അനുസ്മരണം അത്തരമൊരു വേദിയാണ് തുറന്നത്.
പഴവിള രമേശൻ ഫൗണ്ടേഷനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ സാക്ഷാൽ അടൂരിനെ സദസ് മുഖാമുഖം കണ്ടു. തന്റെ ഉറ്റസുഹൃത്തായ രമേശനെ കുറിച്ച് പറയുമ്പോഴാണ് പഴവിളയുടെ ആത്മ സുഹൃത്തായ ഗോപാലകൃഷ്ണൻ മാത്രമായി മഹാസംവിധായകൻ മാറിയത്!. വർഷങ്ങൾക്കു മുമ്പ് കടൽത്തീരങ്ങളും കാടും ഒക്കെ തേടി ഒരു യാത്ര പുറപ്പെട്ടു പഴവിളയും സംഘവും. കാറിന്റെ സാരഥിയും ഗൈഡും ആയത് അടൂരും! അടൂരിനെ കൂടാതെ പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണൻ, പ്രശസ്ത ചിത്രകാരൻ പാരീസ് വിശ്വനാഥൻ, അടൂരിന്റെ ചലച്ചിത്ര സഹായി ശിവൻ എന്നിവരായിരുന്നു യാത്രാ സംഘം. യാതൊരുവിധ പ്ലാനിംഗും ഫണ്ടിംഗും ഇല്ലാത്ത യാത്രയായിരുന്നു അത്.
ജീവിതത്തിൽ ഒരിക്കലും കണക്കു കൂട്ടലുകൾ നടത്താത്ത രമേശൻ യാത്രാ സംഘത്തിനു വേണ്ടി കൈയിലെ പണം വാരിക്കോരി ചെലവാക്കിക്കൊണ്ടിരുന്നു. വലിയ കൂട്ടുകാരായ രമേശനും വിശ്വനാഥനും ഇതിനിടെ ലോക കാര്യങ്ങൾ ചർച്ച ചെയ്ത് വാക്കുതർക്കവും തുടങ്ങി. വഴക്കും ബഹളവും സഹിക്കവയ്യാതായപ്പോൾ കാർ നിർത്തി അടൂർ പുറത്തിറങ്ങി. രണ്ടുപേരും സമവായത്തിൽ എത്തിയാൽ മാത്രമേ താൻ കാർ മുന്നോട്ട് എടുക്കൂ എന്നായി അടൂർ.
കേരളം കടന്ന് തമിഴ്നാട്ടിലൂടെയായിരുന്നു അപ്പോൾ യാത്ര. തമിഴ് സംസാരിക്കുവാൻ അടൂർ തന്നെ വേണം. യാത്ര അവസാനിപ്പിച്ച് ഞാൻ മടങ്ങും എന്ന അടൂരിന്റെ ഭീഷണി ഫലിച്ചു. ഇരുവരും അടങ്ങി. എന്നാൽ താൻ വണ്ടി മുന്നോട്ടെടുത്തനിമിഷം തന്നെ രമേശനും വിശ്വനാഥനും പിന്നെയും തർക്കം തുടങ്ങി എന്ന് പൊട്ടിച്ചിരിയോടെ അടൂർ പറഞ്ഞു.
ഉത്തരേന്ത്യയിലൊരിടത്തു വച്ച് സംഘം വെള്ളപ്പൊക്കത്തിലുംപെട്ടു. വണ്ടി നിർത്തി താൽക്കാലിക ദുരിതാശ്വാസ കാമ്പിൽ തങ്ങിയശേഷം വീണ്ടും യാത്ര. ഇതിനിടെ യാത്രാസംഘത്തിന്റെ വിവരങ്ങൾ എഴുതിയെടുക്കുവാൻ വന്ന ഭാരവാഹിക്ക് അഞ്ച് യാത്രക്കാരുടെയും ജാതിയും അറിയണം. ഞങ്ങളെല്ലാവരും ഒറ്റ ജാതിയാണ് എന്നായി മലയാളി സംഘം. കഷ്ടപ്പെടുന്ന ജാതി എന്നെഴുതാൻ ഇതിനിടയിൽ തങ്ങളുടെ കൂട്ടത്തിൽ നന്നും ആരോ വിളിച്ചു പറഞ്ഞു. വെള്ളപ്പൊക്കനിവാരണ കണക്കെഴുത്തുകാരനു പക്ഷേ ജാതി അറിയാത്തതിൽ വലിയ വിഷമം. ഉത്തരേന്ത്യയിലൊക്കെ ജാതി ചോദിക്കുന്നത് സാധാരണ കാര്യമാണ് എന്നും സദസിനോടു പുഞ്ചിരിയോടെ അടൂർ പറഞ്ഞു.
ഇടയ്ക്കെപ്പോഴൊ യാത്ര കൊള്ളക്കാരുടെ വനമേഖലയിലൂടെയായി. വഴിതെറ്റിയും കൊള്ളക്കാരിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടും യാത്ര തുടർന്നു. അറിയാവുന്ന ഹിന്ദിയിലൊക്കെ സംസാരിച്ച് ഡ്രൈവർ കം ഗൈഡായ അടൂർ കാർ ഒരുവിധം മുന്നോട്ടു കൊണ്ടുപോയി. ഇതിനിടെ കൈയിലുള്ള പണം ഏതാണ്ട് തീർന്നു തുടങ്ങി. ആദ്യം വൻകിട ഹോട്ടലുകളിൽ നിന്നും വില കൂടിയ ഭക്ഷണം ഓർഡർ ചെയ്തിരുന്ന സംഘം പിന്നീട് വഴിയിൽ കാണുന്ന തകരം മേഞ്ഞ ചെറിയ കടകളിൽ കയറി – ഒരു റൊട്ടിക്ക് എന്താവില? എന്ന് പരുങ്ങലോടെ ചോദിച്ച കഥയും അടൂർ പങ്കുവച്ചു.
ഒടുവിൽ കാശിയിൽ എത്തിയപ്പോൾ അഞ്ചുപേരും പട്ടിണിക്കോലങ്ങളായി മാറിയിരുന്നു. അതേക്കുറിച്ച് അടൂർ പറഞ്ഞത് – കാശിയിൽ എത്തുന്പോൾ കൈയിലുള്ളതെല്ലാം ഉപേക്ഷിക്കണം എന്നാണല്ലോ വിശ്വാസം. ഞങ്ങൾ അങ്ങനെ തന്നെയാണ് കാശി വിശ്വനാഥന്റെ മുന്നിൽ എത്തിയത്. യാത്രയിലുടനീളം രമേശൻ ഒരു ഡയറിയിൽ യാത്രാവിവരണം എഴുതിക്കൊണ്ടിരുന്നു.
കടലും കൊള്ളക്കാരും കൊള്ളസംഘവും പട്ടിണിയും എല്ലാം കടന്നു കാർ മുന്നോട്ടു പോകുമ്പോൾ ഡയറിയിൽ തിരക്കിട്ട് രമേശൻ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ടേയിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി മാസങ്ങൾ കഴിഞ്ഞിട്ടും യാത്രാവിവരണ ലേഖനം അച്ചടിച്ചു കണ്ടില്ല. തങ്ങളുടെ അതിസാഹസിക യാത്ര മുഴുവൻ ഒപ്പിയെടുത്തു രമേശൻ അത് നന്നായി പ്രസിദ്ധീകരിക്കുമെന്ന് കരുതി കാത്തിരുന്ന് ക്ഷമ കെട്ടപ്പോൾ അടൂർ അതേക്കുറിച്ച് ചോദിച്ചു.
പതിവുള്ള കുറുമ്പോടെ രമേശൻ പറഞ്ഞത് – അത് രാധ എടുത്ത് തീയിട്ട് കളഞ്ഞു. എന്തോ പേപ്പറൊക്കെ തീയിടുന്ന കൂട്ടത്തിൽ വിവരണവും പോയി എന്നാണ്.രാധ ഇതൊന്നും അറിഞ്ഞുപോലും കാണില്ല എന്ന് വേദിയിലുണ്ടായിരുന്ന പഴവിള രമേശന്റെ സഹധർമിണി രാധാ രമേശനോടായി അടൂർ പറഞ്ഞു. അതായിരുന്നു രമേശൻ. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ജീവിതത്തെ ഇങ്ങനെ കാണാൻ രമേശനു മാത്രമേ കഴിയൂ!.
എസ്. മഞ്ജുളാദേവി