അടൂർ: മണക്കാല താഴത്തുമണ്ണിൽ വീടിനോടു ചേർന്ന പഴയകെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന വ്യാജവിദേശമദ്യ നിർമിത യൂണിറ്റിൽ നിന്നും വൻമദ്യശേഖരവും ഇത് നിർമിക്കുന്നതിനുള്ള അനുബന്ധ സാമഗ്രികളും പോലീസ് കണ്ടെടുത്തു.
എക്സൈസിലെ മുൻ ഉദ്യോഗസ്ഥന്റെ നേതൃതത്തിൽ നടന്നുവന്ന വ്യാജമദ്യനിർമാണശാലയിലായിരുന്നു റെയഡ്. വീട്ടുടമ പിടിയിലായി. ജില്ലാ പോലീസ് മേധാവി ടി. നാരായണനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ഷാഡോ പോലീസ് അടൂർ പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു റെയ്ഡ്. രാത്രി വൈകിയും റെയ്ഡ് തുടരുകയാണ്.
ഒരു ലിറ്റർ വീതമുള്ള 165 ബോട്ടിൽ വ്യാജ ജവാൻ റമ്മും, 840 ലിറ്റർ സ്പിരിറ്റും കുപ്പികളിൽ നിറയ്ക്കാനായി വലിയ കന്നാസിൽ തയാറാക്കിയ 200 ലിറ്ററോളം മദ്യവും കണ്ടെടുത്തു. സ്പിരിറ്റിനെ ജവാൻ മദ്യമാക്കി മാറ്റുന്നതിന് ഉപയോഗിച്ചുവന്ന കെമിക്കൽ, എസൻസ്, കുപ്പികൾ സീൽചെയ്യുന്നതിനുള്ള യന്ത്രങ്ങൾ, വ്യാജലേബലുകൾ എന്നിവും കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമ താഴത്തുമൺ ചുണ്ടോട്ട് എബി (45) യെ കസ്റ്റഡിയിലെടുത്തു.
പ്രധാന പ്രതിയും വ്യജമദ്യം നിർമിച്ച് വിതരണം ചെയ്തുവരുന്ന കറ്റാനം സ്വദേശിയായഹാരി ജോൺ (കിഷോർ) ഓടി രക്ഷപെട്ടതായി പോലീസ് പറഞ്ഞു. എക്സൈസ് ഗാർഡായിരുന്ന ഇയാളെ സ്പിരിറ്റ് കച്ചവടുമായി ബന്ധപ്പെട്ട് സർവീസിൽനിന്നും നേരത്തെ പുറത്താക്കിയതാണ്.
സ്ഥലത്തുനിന്നും മദ്യം കടത്താൻ ഉപയോഗിച്ചുവന്ന ഒരു ഇന്നോവ കാറും, മാരുതി കാർ, ഒരു ബൈക്ക് എന്നിവയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നോവയ്ക്കുള്ളിൽ നിന്നും രണ്ട് കന്നാസ് സ്പിരിറ്റ് കണ്ടെത്തിയിട്ടുണ്ട്. ഒരുവർഷമായി ഇവിടെ വ്യാജവിദേശമദ്യം നിർമിച്ചു വന്നതിന്റെ വ്യക്തമായ സൂചനയുണ്ട്.
മദ്യം നിറയ്ക്കുന്നതിനായി നൂറ് കണക്കിന് കുപ്പികളും, ജവാന് പുറമേ പോർട്ട് റം എന്ന പേരിലുള്ള ലേബലും, ഒഴിഞ്ഞ നിരവധി സ്പിരിറ്റ് കന്നാസുകളും കണ്ടെത്തിയിട്ടുണ്ട്. അടൂർ ഡിവൈഎസ്പി ആർ. ജോസ്, സിഐ ജി. സന്തോഷ് കുമാർ. എസ്ഐ ബി. രമേശ്, ഷാഡോ പോലീസിലെ എഎസ്ഐ രാധാകൃഷ്ണൻ, സിപിഒമാരായ സുജിത്ത്, ശ്രീരാജ്, ഷൈജു, സീനിയർ സിവിൽ പോലീസ് ഒാഫീസർ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.