അടൂർ: ശബരിമല യുവതി പ്രവേശത്തിൽ പ്രതിഷേധിച്ചുണ്ടായ സംഘർഷം വ്യാപിച്ചതിനെ തുടർന്ന് അടൂര്‍ താലൂക്കില്‍ മൂന്നു ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എസ്പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആർടിഒയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കി. ഏനാത്ത്, അടൂര്‍,കൊടുമണ്‍, പന്തളം പരിധികളിലാണ് നിരോധനാജ്ഞ.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന് പിന്നാലെയാണ് അടൂരില്‍ അക്രമ പരമ്പര അരങ്ങേറിയത്. അതേസമയം, വെള്ളിയാഴ്ച നഗരത്തില്‍ മൂന്നു സ്ഥലങ്ങളില്‍ ബോംബേറുണ്ടായി. സിപിഎം ഏരിയ കമ്മിറ്റി അംഗം രവീന്ദ്രന്റെ വീടിനു നേരെയാണ് ആദ്യം ബോംബേറുണ്ടായത്. ആക്രമണത്തില്‍ രവീന്ദ്രന് പരിക്കുണ്ട്. രണ്ടു കടകള്‍ക്ക് നേരെയും ബോംബേറുണ്ടായി. ഇതില്‍ ഏഴ് പേര്‍ക്ക് പരിക്കുണ്ട്.
കൂടാതെ 12 സിപിഎം പ്രവര്‍ത്തകരുടെ വീടിനു നേരേയും വാഹനങ്ങള്‍ക്ക് നേരേയും ആക്രമണമുണ്ടായി. ഏനാത്ത് ബിജെപി മേഖല പ്രസിഡന്റ് അനിലിന്റെ വീടിനു നേരേയും കല്ലേറുണ്ടായി.