പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകളിലായി 21 വർഷം തടവ്. അടൂരിൽ നിന്നും കാറിൽ പെൺസുഹൃത്തിനെയും കൂട്ടി തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിൽ പ്രതികളായ വീയപുരം പണ്ടാരത്തിൽ അഭിജിത്തിനെയും (വിശാഖ്) പെൺസുഹൃത്ത് മാവേലിക്കര ചെറുകോൽ കണത്തിൽ സൗമ്യ ഓമനക്കുട്ടനെയുമാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ജോൺ കെ. ഇല്ലിക്കാടൻ ശിക്ഷിച്ചത്.
ഒന്നാം പ്രതി അഭിജിത്തിന് പീഡനക്കേസിൽ എട്ടുവർഷവും പതിനായിരം രൂപയും തട്ടിക്കൊണ്ടുപോയതിന് ആറുവർഷം തടവും അയ്യായിരം രൂപ പിഴയും, പട്ടികജാതി, വർഗ പീഡന നിരോധന നിയമപ്രകാരം ഏഴുവർഷം തടവും രണ്ടാം പ്രതി പെൺസുഹൃത്തിന് തട്ടിക്കൊണ്ടു പോകുന്നതിനു കൂട്ടുനിന്നതിന് മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
2009ലാണ് കേസിനാസ്പദമായ സംഭവം. പന്ത്രണ്ടാം ക്ലാസിൽ അടൂരിൽ പഠിക്കുന്പോഴാണ് ഒന്നാം പ്രതി അഭിജിത്ത് പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് രണ്ടാം പ്രതിയായ പെൺസുഹൃത്തിനെയും കൂട്ടി സ്കോർപിയോ കാറിൽ എറണാകുളത്തേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് കേസ്.
പീഡനക്കേസിൽ പ്രധാന സാക്ഷിയായ ഇര കൂറുമാറിയിട്ടും പ്രതികൾ ശിക്ഷിക്കപ്പെട്ട അപൂർവം കേസുകളിലൊന്നാണ് ഇത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എ.സി. ഈപ്പൻ ഹാജരായി.