അടൂർ: പോലീസ് സ്റ്റേഷൻ പരിസരം തെരുവുനായ്ക്കൾ കൈയടക്കി. സ്റ്റേഷന് മുന്നിൽ പത്തിലധികം നായ്ക്കൾ ഏതുസമയവും ഉണ്ട്.
സ്റ്റേഷനിലേക്കുള്ള പാതയിൽ നായ്ക്കൾ തന്പടിച്ചിരിക്കുന്നതു കാരണം ഇവിടേക്ക് എത്താൻ ആളുകളും മടിക്കുകയാണ്. കെട്ടിടത്തിന്റെ വരാന്തയിലും വാതിൽക്കലും ഇവ കയറി കിടക്കാറുണ്ട്.
ഇത് പോലീസുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. പ്രായമായവർ ഉൾപ്പടെ സ്റ്റേഷനിൽ എത്തുന്നവർക്ക് നേരെ നായ്ക്കൾ കുരച്ചെത്തുമ്പോൾ ഭയന്നോടി അപകടത്തിൽപെടാനും സാധ്യത ഏറെയാണ്.
തലനാരിഴയ്ക്കാണ് നായ്ക്കളുടെ കടിയിൽ നിന്ന് ആളുകൾ പലപ്പോഴും രക്ഷപെടുന്നത്. രാത്രിയായാൽ സ്റ്റേഷൻ പരിസരത്ത് അന്ധകാരമാണ്. സ്റ്റേഷൻ പടിക്കൽ കിടക്കുന്ന നായ്ക്കളെ ശ്രദ്ധിക്കാതെ വന്നാൽ ഇവ ആക്രമിക്കാനും സാധ്യതയുണ്ട്.