തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കെതിരേ വിമർശനമുന്നയിച്ചും കോന്നി ഉപതെരഞ്ഞെടുപ്പിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയും അടൂർ പ്രകാശ് എംപി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഡിസിസിക്ക് വീഴ്ച പറ്റി. ഡിസിസിയുടെ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചില്ല. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് പാർട്ടി പരിശോധിക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
ഡിസിസി തുടരണോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസിയാണ്. അവസരം കിട്ടിയാൽ ഡിസിസിയുടെ വീഴ്ചകൾ പാർട്ടിക്കുള്ളിൽ തുറന്നു പറയുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകനെന്ന പേരില്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു. പ്രചാരണത്തില്‍ നിന്ന് ഒളിച്ചോടിയെന്ന ആരോപണം ശരിയല്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
കോന്നിയിൽ മത്സരിക്കാൻ പറ്റുന്ന സ്ഥാനാർഥി ആരെന്ന് തന്നോട് ചോദിച്ചപ്പോഴാണ് റോബിൻ പീറ്ററുടെ പേര് നിർദേശിച്ചത്. എന്നാൽ ഡിസിസി ഇതിനെ എതിർത്ത് മോഹൻരാജിനെ നിർദേശിച്ചു. ജാതിമത ചിന്തകൾക്കതീതമായാണ് സ്ഥാനാർഥിയെ താൻ നിർദേശിച്ചത്. മോഹൻരാജിന്റെ പരാജയത്തിൽ ഖേദിക്കുന്നതായും അടൂർ പ്രകാശ് പറഞ്ഞു.