പത്തനംതിട്ട: കോന്നിയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എംപി ഇടഞ്ഞുതന്നെ. ഡിസിസി അപമാനിച്ചെന്ന ആരോപണം ഉന്നയിച്ച്, മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ അടൂർ പ്രകാശ് എംപി പങ്കെടുത്തേക്കില്ല. ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അനാവശ്യ പരാമർശം നടത്തിയെന്നാണ് അടൂർ പ്രകാശ് പറയുന്നത്.
അടൂർ പ്രകാശിനെ അനുനയിപ്പിക്കാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ടു രംഗത്തെത്തുണ്ട്. മുല്ലപ്പള്ളി അടൂർ പ്രകാശുമായി ചർച്ച നടത്തി. ഡിസിസി പ്രസിഡന്റും മുല്ലപ്പള്ളിക്കൊപ്പം ചർച്ചയിലുണ്ട്.
നേരത്തെ മോഹൻരാജിനെ കോന്നിയിൽ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് അടൂർ പ്രകാശ് എം.പിയും റോബിൻ പീറ്ററും പരസ്യമായി രംഗത്തുവന്നിരുന്നു. ഇതേതുടർന്ന് റോബിൻ പീറ്ററെ പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റാക്കാൻ ധാരണയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും അടൂർപ്രകാശ് നടത്തിയ ചർച്ചയിലാണ് റോബിൻ പീറ്ററിന് പദവി നൽകാമെന്ന് ധാരണയായത്.