സ്വന്തം ലേഖകൻ
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ കോണ്ഗ്രസ് നേതാവ് അടൂർ പ്രകാശ് എംപിയെ കുറ്റവിമുക്തനാക്കി കേസ് അന്വേഷിച്ച സിബിഐ സംഘം തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.
അടൂർ പ്രകാശ് മന്ത്രിയായിരിക്കേ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽവച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് അയച്ചു ക്ഷണിച്ചിരുന്നതായും അടൂർ പ്രകാശിനെതിരേയുള്ള പരാതിയിൽ ഉന്നയിച്ചിരുന്നു.
എന്നാൽ, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് പരാതിയെക്കുറിച്ച് അന്വേഷിച്ച സിബിഐ സംഘം കണ്ടെത്തിയത്. തെളിവുകൾ ഹാജരാക്കാനുമായില്ല.
ബംഗളൂരുവിൽ അടൂർ പ്രകാശ് ഹോട്ടൽ റൂം എടുക്കുകയോ വിമാന ടിക്കറ്റ് അയയ്ക്കുകയോ ചെയ്തതായി കണ്ടെത്താനായില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരിയെ കൂട്ടി എംഎൽഎ ഹോസ്റ്റലിലെ നിളാ ബ്ലോക്കിലെ 32-ാം നന്പർ മുറിയിൽ സിബിഐ സംഘം തെളിവെടുപ്പു നടത്തിയിരുന്നു.
ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസ് മുന്നോട്ട് കൊണ്ടുപോകാനാകുംവിധം തെളിവുകളൊന്നും കിട്ടിയില്ലെന്നും കൂടുതലൊന്നും പരാതിക്കാരിക്ക് നൽകാനായില്ലെന്നുമാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്.
ആറ്റിങ്ങലിൽനിന്നുള്ള ലോക്സഭാംഗമാണ് അടൂർ പ്രകാശ്. നേരത്തേ ഹൈബി ഈഡൻ എംപിക്കെതിരേ സോളാർ പീഡനക്കേ സിലെ പ്രതി നൽകിയ പരാതിയും തെളിവില്ലെന്നു കണ്ടെത്തി തള്ളുന്നതായി സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.