പത്തനംതിട്ട: അടൂരിൽനിന്നു കാണാതായ വിദ്യാർഥികളെ കോയന്പത്തൂരിൽ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ മുന്നാളം ഇടക്കെട്ടും വിളവീട്ടിൽ അമൽ പി. കുമാർ (19) അടൂർ അമ്മകണ്ടകര ഹൈസ്കൂൾ ജംഗ്ഷനിൽ സുധീഷ് ഭവനിൽ സതീഷിന്റെ മകൾ സൂര്യ എസ്.നായർ ( 18) എന്നിവരാണു മരിച്ചത്.
കോയന്പത്തൂർ റെയിൽവേ സ്റ്റേഷനിൽനിന്നു രണ്ടു കിലോമീറ്റർ അകലെ റ്റിഎൻ നഗറിനു സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽ കണ്ട വിവരം പ്രദേശവാസികൾ റെയിൽവേ പോലീസിനെ അറിയിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹത്തിൽ പഠിക്കുന്ന അടൂരിലെ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡുണ്ടായിരുന്നു. കാർഡിന്റെ ചിത്രം റെയിൽവേ പോലീസ് വാട്ട്സ്ആപ്പിലൂടെ അടൂർ പോലീസിനു കൈമാറിയാണ് മരിച്ച വിദ്യാർഥികളെ തിരിച്ചറിഞ്ഞത്. മൃതദേഹം കോയന്പത്തൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്നു.
വിദ്യാർഥികൾ ഇരുവരെയും കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് അടൂർ പോലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു. ഒന്നാം വർഷ ബികോം വിദ്യാർഥികളാണ് ഇവർ.