തിരുവനന്തപുരം: പ്രതിഭകളെ ബഹുമാനിക്കാൻ കേരളം ഇനിയും പഠിച്ചിട്ടില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കേസരി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കേസരി മാധ്യമപുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജിന് സമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ടെലിവിഷൻ വാർത്തകാണുന്നതു നിർത്തി. പത്രങ്ങളുടെ ചില പേജുകൾ പരദൂഷണങ്ങൾക്കുവേണ്ടി മാത്രം മാറ്റിവച്ചിരിക്കുകയാണ്. അറിയപ്പെടുന്ന ആളുകളുടെ പതനം കാണാനും അവരെ ചവിട്ടിത്താഴ്ത്താനുമാണ് എല്ലാവർക്കും ഇഷ്ടം.പൗരനെന്ന നിലയിൽ വലിയ ഭയാശങ്കകളോടെയാണ് താൻ ജീവിക്കുന്നതെന്നും അടൂർ പറഞ്ഞു.
അഴിമതിയും പക്ഷംപിടിക്കലും മാധ്യമങ്ങളുടെ നിലവാരത്തെ കാര്യമായി ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് പറഞ്ഞു. തിന്മകൾ തുറന്നുകാട്ടേണ്ടവരെത്തന്നെ തിന്മകൾ ബാധിക്കുകയും അവർ അതിന് അടിമപ്പെടുകയും ചെയ്താൽ പിന്നെ എന്തു മാധ്യമപ്രവർത്തനമാണ് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.