തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ വോട്ടർപ്പട്ടികയിൽ 1.72 ലക്ഷം വോട്ടുകളിൽ കൃത്രിമം ഉണ്ടെന്ന് അടൂർ പ്രകാശ് എംപി. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 1.12 ലക്ഷം വോട്ടുകളിലുണ്ടായിരുന്ന ഇരട്ടിപ്പിനെതിരേ അടൂർ പ്രകാശ് നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ച് ഇരട്ടിപ്പ് വോട്ടുകൾ റദ്ദാക്കിയിരുന്നു. ഇത്തവണയും വോട്ടർപ്പട്ടികയിലെ പേജുകൾ ഉൾപ്പെടെയാണ് അടൂർ പ്രകാശ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
പരാതിയിൽ പരിശോധന നടക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേ സമയം അടൂർ പ്രകാശ് പരാജയപ്പെടുമെന്നുള്ള ആശങ്കകാരണമാണ് പരാതിയുമായി പോകാൻ കാരണമെന്ന് എൽഡിഎഫ് ആരോപിച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിയും ബിജെപി സ്ഥാനാർഥി വി. മുരളീധരനും പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. അടൂർ പ്രകാശും പ്രചരണവുമായി രംഗത്തുണ്ട്.