കൊച്ചി: കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ മൂന്നംഗ സംഘം ഇന്ന് വിവരം ശേഖരിക്കും.
അന്വേഷണ സംഘം ഇന്ന് കളമശേരി മെഡിക്കൽ കോളജിലെത്തിയാകും വിവരങ്ങൾ ശേഖരിക്കുക. മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പാൾ, നഴ്സുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തും.
ജനുവരി 31ന് കുഞ്ഞ് പിറന്നുവെന്നു കാണിക്കുന്ന രേഖകൾ പരിശോധിക്കുന്നതിനോടൊപ്പം ഓഗസ്റ്റ് 27ന് ജനിച്ച മറ്റൊരു കുഞ്ഞിന്റെ ജനനസംബന്ധമായ രേഖകളും മൂന്നംഗ സംഘം പരിശോധിക്കും.
കുഞ്ഞിനെ ഇന്ന് ഹാജരാക്കിയേക്കും
വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് കുഞ്ഞിനെ ഇന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുന്പാകെ ഹാജരാക്കിയേക്കും.
തൃപ്പൂണിത്തുറ സ്വദേശികളായ ദന്പതികൾ കുഞ്ഞിനെ കൈമാറുമെന്നു സൂചന ലഭിച്ചതായി സിഡബ്ല്യുസി ചെയർമാൻ കെ.കെ. ഷാജു പറഞ്ഞു. കുട്ടിയെ സിഡബ്ല്യുസിയിൽ ഹാജരാക്കിയാൽ ഉടൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
തുടർന്ന് യഥാർഥ മാതാപിതാക്കൾ ഹാജരാകണം. അവർ എത്തിയില്ലെങ്കിൽ കുട്ടിയെ ഉപേക്ഷിക്കപ്പെട്ടതായി പ്രഖ്യാപിക്കും. തുടർന്നു രണ്ടു മാസത്തിനു ശേഷം കുട്ടിയെ ദത്തെടുക്കാമെന്നും സിഡബ്ല്യുസി ചെയർമാൻ വ്യക്തമാക്കി.
ഈ ദന്പതികൾക്ക് കുഞ്ഞിനെ കിട്ടിയത് നിയമപരമായ മാർഗത്തിലൂടെയല്ല എന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പ്രാഥമിക കണ്ടെത്തൽ.
കുഞ്ഞിനെ അടിയന്തരമായി ഹാജരാക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് സിഡബ്ല്യുസി നിർദേശം നൽകിയിരുന്നു.
അതേസമയം കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
അനിൽകുമാറിന്റെ മുൻകൂർ ജാമ്യ ഹർജിഇന്ന് ഹൈക്കോടതിയിൽ
അതേസമയം, സംഭവത്തെത്തുടർന്ന് ഒളിവിൽക്കഴിയുന്ന അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാർ നൽകിയ മുൻകൂർ ജാമ്യഹർജി ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
കളമശേരി മെഡിക്കൽ കോളജിൽനിന്ന് ദന്പതികൾക്ക് വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയത് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. അനിൽകുമാറെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഡോക്ടറുടെ വ്യാജ ഒപ്പിട്ടതടക്കം അനിൽകുമാറാണെന്നാണ് കണ്ടെത്തൽ.
സർട്ടിഫിക്കറ്റ് അനുവദിച്ച കളമശേരി നഗരസഭ ജീവനക്കാരിക്കും വീഴ്ച പറ്റിയതായ അന്വേഷണത്തിൽ വ്യക്തമായിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ പുറത്തുവന്നിട്ടുള്ളത്.
അതിനിടെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയാറാക്കിയത് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നിർദേശപ്രകാരമെന്ന് വ്യക്തമാക്കി സസ്പെൻഷനിലായ അനിൽകുമാർ രംഗത്തെത്തിയിരുന്നു.
അനിൽകുമാറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഡോ. ഗണേഷ് മോഹനും പ്രതികരിച്ചു.ജനുവരി 31ന് തൃപ്പൂണിത്തുറ സ്വദേശി അനൂപ് കുമാർ-സുനിത ദന്പതികൾക്കു പെണ്കുഞ്ഞ് പിറന്നുവെന്നു കാണിച്ചു ഫെബ്രുവരി ഒന്നിനാണ് സർട്ടിഫിക്കറ്റ് തയാറാക്കിയത്.
എന്നാൽ ഐപി നന്പറിൽ സംശയം തോന്നിയ നഗരസഭയിലെ ജനന മരണ റജിസ്ട്രേഷൻ വിഭാഗത്തിലെ കിയോസ്ക് എക്സിക്യൂട്ടീവ് എ.എൻ. രഹ്നയാണ് പരാതി നൽകിയത്.
രണ്ടിന് മെഡിക്കൽ സൂപ്രണ്ടിനെയും മുനിസിപ്പൽ അധികാരികളെയും വിവരം അറിയിച്ചുവെന്നും പോലീസിൽ നൽകിയ പരാതിയിൽ രഹ്ന വ്യക്തമാക്കുന്നു.
രഹ്നയും മെഡിക്കൽ കോളജും നൽകിയ പരാതിയിലാണ് പോലീസ് അനിൽ കുമാറിനെതിരെ കേസെടുത്തത്.
കുഞ്ഞിനെ മോഹിച്ചു; കുരുക്കിലായി
തൃപ്പൂണിത്തുറ: ദത്തെടുക്കൽ പ്രശ്നത്തിൽ കുരുങ്ങിയ തൃപ്പൂണിത്തുറ വടക്കേക്കോട്ട മഞ്ഞേലിപ്പാടത്ത് ചെമ്മാഴത്ത് വീട്ടിൽ അനൂപ് – സുനിത ദമ്പതികൾ കുഞ്ഞിന്റെ ചോറൂണ് അടുത്ത ദിവസങ്ങളിലായി വീടിനടുത്തുള്ള ക്ഷേത്രത്തിൽ വച്ചു നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന് പറയുന്നു.
കുഞ്ഞ് വീട്ടിലെത്തിയത് മുതൽ വീട്ടിൽ കുഞ്ഞിനെ കാണാൻ വരുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും തിരക്കായിരുന്നു.
വടക്കേക്കോട്ടയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉടമയായ അനൂപ് വീട്ടിൽ വരുന്നവർക്കെല്ലാം കാര്യമായ സ്വീകരണങ്ങൾ ഒരുക്കിയിരുന്നതായും പറയുന്നു. ദത്തെടുത്ത കുഞ്ഞ് സ്വന്തം കുഞ്ഞാണെന്ന രീതിയിൽ എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്.
ഇതിനിടെയാണ് കുഞ്ഞിന്റെ സർട്ടിഫിക്കറ്റ് തയാറാക്കലിനോടനുബന്ധിച്ച് വിവാദങ്ങളും പ്രശ്നങ്ങളും ഉയർന്നു വന്നത്. വിവാദമുയർന്നതോടെ വീട് പൂട്ടി ദമ്പതികൾ സ്ഥലം വിട്ടിരിക്കുകയാണ്.