പാറശാല: പാലു നല്കിയ കൈയ്ക്കു കൊത്തുക എന്നു കേട്ടിട്ടില്ലേ… ഏതാണ്ട് ഇതിനു സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പാറശാലയില്‍ നടന്നത്. അമ്മയുടെ ലോക്കറില്‍ നിന്ന് 30 പവന് കവര്‍ന്നവളര്‍ത്തു മകളാണ് പാമ്പിന്റെ സ്വഭാവം കാട്ടിയത്. സംഭവത്തിനു ശേഷം മുങ്ങിയ വളര്‍ത്തുമകളും ഭര്‍ത്താവും പോലീസിന്റെ പിടിയിലായി.
മുവോട്ട്കോണം ശ്രിശൈലത്തില്‍ ജയകുമാരിയുടെ മകള്‍ ശ്രിനയ(18), ഭര്‍ത്താവ് പനച്ചമുട് പാറവിള പുത്തന്‍വീട്ടില്‍ മത്സ്യ വില്പനക്കാരനായ ഷാലു(22) എന്നിവരാണ് അറസ്റ്റിലായത്. പരശുവയ്ക്കല്‍ സഹകരണ ബാങ്കിലെ ജയകുമാരിയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 19ന് രാവിലെ കാമുകനൊപ്പം ബൈക്കിലെത്തിയാണ് ശ്രിനയ സ്വര്‍ണം എടുത്തതെന്നു പൊലീസ് കണ്ടെത്തി. ഷാലുവുമൊത്ത് ശ്രിനയ വീടു വിട്ട ദിവസം തന്നെയായിരുന്നു ഈ തട്ടിപ്പ്. സ്വര്‍ണം ഷാലുവിന്റെ വീട്ടില്‍ നിന്നു പൊലീസ് വീണ്ടെടുത്തു.
ലോക്കറിന്റെ താക്കോലുമായി ബാങ്കിലെത്തിയ ശ്രിനയ, മാതാവ് പുറത്ത് നില്ക്കുകയാണെന്നു പറഞ്ഞ്, ലോക്കര്‍ തുറന്ന് നല്കാന് അവശ്യപ്പെടുകയായിരുന്നു. താക്കോല്‍ കൈവശമുള്ളതിനാലും പലതവണ മാതാവിനൊപ്പം ശ്രിനയ മുന്‍പു ബാങ്കിലെത്തിയിട്ടുള്ളതിനാലും ജീവനക്കാര്‍ സംശയം തോന്നാതെ ലോക്കര്‍ തുറന്ന് നല്കി. മകള്‍ വൈകിട്ട് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം കടന്നതായി ജയകുമാരി അറിയുന്നത്. ലോക്കറിന്റെ താക്കോല്‍ കാണാനില്ലെന്നു മനസിലായതിനെത്തുടര്‍ന്നു ബാങ്കിലെത്തിയപ്പോള്‍ സ്വര്‍ണം നഷ്ടമായതും കണ്ടെത്തി.
ഇക്കാര്യത്തില്‍ ജയകുമാരി ബാങ്കിനു നല്കിയ പരാതിബാങ്ക് അധികൃതര്‍ പാറശാല പൊലീസിനു കൈമാറി. ഇതിനിടെ ശ്രിനയയെ കാണാനില്ലെന്നു ജയകുമാരി തമിഴ്നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്കി കാണ്മാനില്ലെന്ന വിട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇതിനിടെ വിവാഹം റജിസ്റ്റര്‍ ചെയ്ത ഇരുവരും ഇന്നലെ വൈകിട്ട് കുഴിത്തുറ കോടതിയില്‍ ഹാജരായി. ആള്‍മാറാട്ടം നടത്തി മോഷണം നടത്തിയെന്ന് സഹകരണബാങ്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പളുകല്‍ പൊലീസ് ഇരുവരെയും പാറശാല പൊലീസിന് കൈമാറുകയായിരുന്നു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.