നല്ല കിടിലന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടാത്തതായി ആരുണ്ട്. പലര്‍ക്കും ഇഷ്ടവസ്ത്രം വാങ്ങാന്‍ പണം ഒരു പ്രതിബന്ധമാണ്. അപ്പോള്‍ പണം നല്‍കാതെ വസ്ത്രങ്ങള്‍ വാങ്ങാന്‍ ഒരു തുണിക്കട വന്നാലോ. വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് പാവംപിടിച്ചവര്ക്കായി ഇത്തരമൊരു തുണിക്കട പ്രവര്‍ത്തിക്കുന്നത്. പേര് ഏഞ്ചല്‍സ് കളക്ഷന്‍സ്. സാമൂഹിക സേവന സ്ഥാപനമായ അഡോറയാണ് ഈ ഉദ്യമത്തിനു പിന്നില്‍.
ആര്‍ക്കും ശരീരത്തിനനുയോജ്യമായ വസ്ത്രം തിരഞ്ഞെടുക്കാം. ഒരു രൂപ പോലും നല്‍കേണ്ട. അഡോറയെന്ന പേരിലറിയപ്പെടുന്ന ഏജന്‍സി ഫോര്‍ ഡവലപ്മെന്റ് ഓപ്പറേഷന് ഇന്‍ റൂറല്‍ ഏരിയയിലൂടെ നിരവധി പേര് വസ്ത്രങ്ങള്‍ വാങ്ങിക്കഴിഞ്ഞു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ വസ്ത്രം എല്ലാവരിലും എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധയിടങ്ങളില്‍നിന്ന് ലഭിക്കുന്ന പുതിയതും പഴയതുമായ വസ്ത്രങ്ങളുടെ വലിയ ശേഖരംതന്നെ ഇവിടെയുണ്ട്. ആരുടെയെങ്കിലും വീട്ടില്‍ ഉപയോഗിക്കാതിരിക്കുന്ന നല്ല വസ്ത്രങ്ങള്‍ ഉണ്ടെങ്കില്‍ ഈ തുണിക്കടയിലെത്തിക്കാം. പുതിയ വസ്ത്രങ്ങളും വാങ്ങി നല്‍കാം. ഇതിനുപുറമെ കോളനികള്‍ കേന്ദ്രീകരിച്ച് നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളും അഡോറ ചെയ്യുന്നുണ്ട്.