ആടുജീവിതം ഷൂട്ടിംഗിനായി രാജസ്ഥാനിലെയും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലെയും പല മരുഭൂമികളും പരിഗണിച്ചെങ്കിലും അനുമതികളും മറ്റു സാങ്കേതിക പ്രശ്നങ്ങളും മൂലം ഷൂട്ട് നടന്നില്ല. ഒടുവിലാണ് 2019 ൽ ജോർദാൻ മരുഭൂമിയിൽ ഷൂട്ട് തുടങ്ങുന്നത്. മൂന്നു വർഷത്തിനിടെയുള്ള കഥയായതിനാൽ പല ഷെഡ്യൂളുകളായാണ് ഷൂട്ട് ചെയ്തത്.
2020 ൽ ജോർദാനിലെ ഷൂട്ടിനിടെയാണ് കോവിഡ് വരുന്നതും ഷൂട്ടിംഗ് സംഘം 75 ദിവസത്തോളം മരുഭൂമിയിൽ കുടുങ്ങിപ്പോകുന്നതും. അന്നു കഥാപാത്രത്തിനായി 35 കിലോയോളം ഭാരം കുറച്ച പൃഥ്വിരാജ് ഉൾപ്പെടെയുള്ള സംഘം അവിടെ കുടുങ്ങിക്കിടന്നു. ഫോൺ പോലും കൃത്യമായി കിട്ടില്ല.
മരുഭൂമിയിലേക്കു വാഹനങ്ങളോ മനുഷ്യരോ വരുന്നില്ല. ആടുജീവിതം തന്നെയെന്നു തോന്നിപ്പോയ കാലം. 2022ലാണ് പിന്നീട് അവിടെ ഷൂട്ടിന് അനുമതി ലഭിക്കുന്നത്. ഷൂട്ടിംഗ്പൂർത്തിയാക്കി കഴിഞ്ഞ ഒരു വർഷത്തിലേറെയായി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. -ബ്ലെസി